പൂനെ: പൂനെയിലെ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വേള്‍ഡ് പീസ് യൂണിവേഴ്‌സിറ്റി ( എം.ഐ.ടി.ഡബ്ലൂ.പി.സി ) യില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ അക്രമം.
യൂണിവേഴ്‌സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റില്‍ ബംഗ്ലാദേശി ഫുഡ് സ്റ്റാള്‍ ബി.ജെ.പിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു.
പരിപാടിയില്‍ നിരവധി രാജ്യങ്ങളുടെ സ്റ്റാളുകളുണ്ടായിരുന്നു.
20 മുതല്‍ 30 ഓളം വരുന്ന സംഘം കാമ്പസിനുള്ളില്‍ അതിക്രമിച്ചു കയറി സ്റ്റാള്‍ തകര്‍ക്കുകയും ബംഗ്ലാദേശ് ദേശീയ പതാക കത്തിക്കുകയും ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സര്‍വകലാശാല വിഷയം ഗൗരവമായി എടുക്കുന്നുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഗണേഷ് ബി. പൊകാല പറഞ്ഞു.
പുനെയിലെ മറ്റ് സര്‍വകലാശാലകള്‍ എല്ലാ വര്‍ഷവും നടത്തുന്ന പരിപാടികള്‍ക്ക് സമാനമായി സംസ്‌കാരിക വൈവിധ്യം ആഘോഷിക്കുന്നതിനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാരമ്പര്യം അവതരിപ്പിക്കാനുളള വേദി നല്‍കാനും ലക്ഷ്യമിട്ടാണ് സംസ്‌കാരിക ഉത്സവം നടത്തിയത്. എല്ലാവര്‍ക്കും സുരക്ഷയും ആദരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍വകലാശാല പ്രതിജ്ഞാബദ്ധമാണ്,’ പൊകാല പറഞ്ഞു.
സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും സി.സി.ടി.വി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ സംഘടനയിലെ അംഗങ്ങളുടെ പങ്കാളിത്തം ഭാരതീയ ജനതാ യുവ മോര്‍ച്ചാ മേധാവി ദുഷ്യന്ത് മോഹോള്‍ സമ്മതിച്ചു.
‘ബംഗ്ലാദേശിന്റെ നിലവിലെ ഇന്ത്യാ വിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടി ചില പ്രാദേശിക വിദ്യാര്‍ത്ഥികള്‍ ബംഗ്ലാദേശി പതാക പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ത്തു, എന്നാല്‍ പതാക നീക്കം ചെയ്യാന്‍ സംഘാടകര്‍ വിസമ്മതിച്ചതോടെ വിദ്യാര്‍ത്ഥികളില്‍ രോഷത്തിന് കാരണമായി. ഇതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞങ്ങളുടെ അംഗങ്ങള്‍ സ്റ്റാള്‍ നശിപ്പിക്കുകയും പതാക കത്തിക്കുകയും ചെയ്തു,’ മോഹോള്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
Content Highlight: Youth wing vandalizes Bangladeshi food stall at Pune University