തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് യൂത്ത്. കെന്‍ കരുണാസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 75 കോടിയോളമായിരുന്നു നേടിയത്. കെന്‍ നായകനായ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ പ്രദര്‍ശനമാരംഭിച്ചിരുന്നു. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം വലിയ വിമര്‍ശനങ്ങളാണ് ചിത്രം നേടുന്നത്.
പൊളിറ്റിക്കല്‍ കറക്ട്‌നെസ് തൊട്ടുതീണ്ടിയില്ലാത്ത ചിത്രമാണ് യൂത്തെന്ന് പലരും വിമര്‍ശിക്കുന്നു. ചിത്രത്തിന്റെ റിലീസിന് മുമ്പുള്ള അഭിമുഖങ്ങളില്‍ താന്‍ നേരിടേണ്ടി വന്ന വിവേചനങ്ങളെക്കുറിച്ച് കെന്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. തന്നെപ്പോലൊരു നടന്റെ നായികയാകാന്‍ പലരെയും സമീപിച്ചെങ്കിലും ആരും അതിന് തയാറായില്ലെന്നായിരുന്നു കെന്‍ പറഞ്ഞത്.
എന്നാല്‍ ഇത്രയും ഡയലോഗടിച്ച കെന്‍ ഈ സിനിമയില്‍ നായികമാരായി കാസ്റ്റ് ചെയ്ത മൂന്ന് പേരും വെളുത്ത് തുടുത്തവരാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. തമിഴ് സിനിമയായിരുന്നിട്ടും മൂന്ന് നായികമാരും മറ്റ് ഭാഷയിലുള്ളവരാണെന്നും തമിഴില്‍ നല്ല കഴിവുള്ള നായികമാരെ മനപൂര്‍വം ഒഴിവാക്കിയതാണെന്നും വിമര്‍ശനമുണ്ട്.
കുറത്ത നിറമുള്ള, അത്യാവശ്യം വണ്ണമുള്ള ഒരു കഥാപാത്രത്തെ നെഗറ്റീവായും കോമഡി പീസായും കാണിച്ചതിനെയും പലരും വിമര്‍ശിക്കുന്നു. സുരാജ് അവതരിപ്പിച്ച ഉണ്ണികൃഷ്ണന്‍ എന്ന ടോക്‌സിക് രക്ഷിതാവിനെ ക്ലൈമാക്‌സില്‍ നന്മയുടെ പ്രതിരൂപമായി അവതരിപ്പിച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. എന്നാല്‍ ഇത്രയും ഹേറ്റ് യൂത്ത് അര്‍ഹിക്കുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ജീവിതത്തെക്കുറിച്ച് യാതൊരു ലക്ഷ്യബോധവുമില്ലാത്ത ഒരു കൗമാരക്കാരന്റെ കഥയാണ് ഈ ചിത്രമെന്നും അതില്‍ അവന്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങള്‍ പൊളിറ്റിക്കലി ഇന്‍കറക്ടാണെന്നത് വിമര്‍ശിക്കേണ്ട കാര്യമല്ലെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു. സ്വന്തം തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുന്നതായി കാണിക്കുന്നതിനെ ചിലര്‍ അഭിനന്ദിക്കുന്നുമുണ്ട്.
ചിത്രത്തിലെ മൂന്ന് നായികമാരില്‍ രണ്ടുപേരും മലയാളികളാണ്. മീനാക്ഷി ദിനേശ്, അനിഷ്മ അനില്‍കുമാര്‍ എന്നിവര്‍ക്ക് പുറമെ പ്രിയാന്‍ഷി യാദവും ചിത്രത്തിലെ നായികയാണ്. സുരാജ് വെഞ്ഞാറമൂട്, ദേവദര്‍ശിനി, നളിനി, അഭിശന്‍ തീവരാസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി.വി പ്രകാശ് ഈണമിട്ട ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.
Content Highlight: Youth movie getting criticisms after OTT release for Political Correctness
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ