| Tuesday, 7th April 2026, 12:09 pm

മലയാളത്തിലാണെങ്കില്‍ ഈ സമയം കൊണ്ട് 100 കോടി അടിച്ചേനെ, തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി യൂത്ത്

അമര്‍നാഥ് എം.

ബാലതാരമായി സിനിമാലോകത്തേക്കെത്തിയ കെന്‍ കരുണാസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ യൂത്ത് ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷന്‍ നേടി മുന്നേറുകയാണ്. കെന്‍ തന്നെ നായകവേഷം കൈകാര്യം ചെയ്ത ചിത്രം ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ 71 കോടിയോളമാണ് ചിത്രം നേടിയത്.

10 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതിനോടകം ബജറ്റിന്റെ ഏഴിരട്ടിക്കടുത്ത് സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ സംവിധാനം സംരംഭം തന്നെ റെക്കോഡ് ഹിറ്റാക്കിയ കെന്‍ തമിഴ് ഇന്‍ഡസ്ട്രിയില്‍ ഇനിയും ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എല്ലാം ഒത്തുവന്നാല്‍ ഈ വര്‍ഷം തമിഴിലെ ആദ്യ 100 കോടി യൂത്ത് നേടുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

യൂത്ത് Photo: Theatrical poster

ആദ്യ ആഴ്ചയില്‍ തന്നെ ബജറ്റിന്റെ 200 ശതമാനം റിക്കവര്‍ ചെയ്ത യൂത്ത് നിര്‍മാതാവിന് വന്‍ ലാഭമാണ് നല്‍കിയിരിക്കുന്നത്. മലയാളത്തിലായിരുന്നെങ്കില്‍ ഈ സമയം കൊണ്ട് യൂത്ത് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചേനെയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തമിഴ് ഇന്‍ഡസ്ട്രിയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി യൂത്ത് മാറിയിരിക്കുകയാണ്.

റിലീസിന് മുമ്പ് ചിത്രത്തിന്റേതായി വന്ന അപ്‌ഡേറ്റുകളെല്ലാം പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നവയായിരുന്നു. ഹൈപ്പിനോട് നീതി പുലര്‍ത്തിയ ചിത്രമെന്നാണ് പലരും യൂത്തിനെ വിശേഷിപ്പിച്ചത്. പ്ലസ് ടു കാലഘട്ടവും സ്‌കൂള്‍ പ്രണയവുമെല്ലാം കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

യൂത്ത് Photo: Screen grab/ Think Music India

കെന്നിന് പുറമെ ചിത്രത്തില്‍ ഏറ്റവുമധികം കൈയടി നേടിയത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂടാണ്. കെന്‍ അവതരിപ്പിച്ച പ്രവീണ്‍ എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് സുരാജ് വേഷമിട്ടത്. ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി സുരാജിന്റെ അഴിഞ്ഞാട്ടമായിരുന്നു യൂത്തിലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ദേവദര്‍ശിനിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. അനിഷ്മ അനില്‍കുമാര്‍, മീനാക്ഷി ദിനേശ്, പ്രിയാന്‍ശി യാദവ് തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ജി.വി. പ്രകാശ് കുമാര്‍ ഈണമിട്ട ഗാനങ്ങളും പലരുടെയും പ്ലേലിസ്റ്റില്‍ ഇടം നേടി. ശിവകാര്‍ത്തികേയന്റെ പരാശക്തിയുടെ കളക്ഷന്‍ മറികടന്ന് കെന്‍ കരുണാസിന്റെ യൂത്ത് നിലവില്‍ തമിഴിലെ ടോപ്പറായിരിക്കുകയാണ്.

Content Highlight: Youth movie collected more than 70 crores from Box Office

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more