കുറ്റ്യാടി: വേളം പുത്തലത്ത് എസ്.ഡി.പി.ഐ-മുസ്‌ലീം ലീഗ് സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വെട്ടേറ്റ മുസ്‌ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് പുളിഞ്ഞോളി അസീസിന്റെ മകന്‍ നസീറുദ്ദീനാണ് (22) മരിച്ചത്.
സംഭവത്തില്‍ രണ്ടു എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വേളം സ്വദേശികളായ ബഷീര്‍, അബ്ദുറഹിമാന്‍ എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. ഇരുവരും ഒളിവിലാണ്.
വെള്ളിയാഴ്ച സന്ധ്യക്ക് ശേഷം പുത്തലത്ത് സലഫി മസ്ജിദിന് സമീപമാണ് സംഭവം. നസീറുദ്ദീനെ ആദ്യം പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലാണ് മരണം.
എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഇരുകക്ഷികളും തമ്മിലുണ്ടായ പ്രശ്‌നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പു സമയത്തു ലീഗിന്റെ പ്രാദേശിക യോഗത്തിലുണ്ടായ വാക്കേറ്റം മൊബൈലില്‍ പകര്‍ത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.
നസ്‌റുദ്ദീനെ കുത്തിയെന്നു പറയുന്ന വേളം സ്വദേശി ബഷീറിന്റെ മൊബൈല്‍ ഫോണിലാണു ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. ഈ ഫോണ്‍ നസ്‌റുദ്ദീന്‍ ബലമായി പിടിച്ചുവാങ്ങി നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.
നാദാപുരം എ.എസ്.പി കറുപ്പസ്വാമി, സി.ഐ ലികേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തത്തെി. സംഭവത്തില്‍ അനുശോചിച്ച് വേളം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.