മലപ്പുറം: ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ജില്ലാ പഞ്ചായത്തംഗവും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ടി.പി. ഹാരിസ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. മക്കരപറമ്പ് ഡിവിഷന്‍ അംഗമാണ് ടി.പി. ഹാരിസ്.
ദുബായില്‍ നിന്നും വിമാന മാര്‍ഗമെത്തിയ ഹാരിസിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടുകയായിരുന്നു. തട്ടിപ്പ് കേസില്‍ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. ഇയാളെ ഒന്നാം പ്രതിയായും പഞ്ചായത്ത് സെക്രട്ടറി എസ്. ബിജുവിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി മലപ്പുറം ഡി.വൈ.എസ്.പിക്ക് കൈമാറിയിരുന്നു. പരാതിക്കാരിലൊരാള്‍ വ്യാഴാഴ്ച മൊഴി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. വിശ്വാസവഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.
ടി.പി. ഹാരിസ്
പലരില്‍ നിന്നുമായി ഇയാള്‍ 25 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നല്‍കിയ തുക ഇതുവരെ തിരിച്ചുകിട്ടിയില്ലെന്ന് കാണിച്ച് ആറ് പേരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
ഇരുന്നൂറിലധികം ആളുകള്‍ ഹാരിസിന്റെ തട്ടിപ്പില്‍ പണം നിക്ഷേപിച്ച് പറ്റിക്കപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ പണം മുടക്കിയാല്‍ ലക്ഷങ്ങള്‍ ലാഭവിഹിതം നല്‍കാമെന്നാണ് ഇയാള്‍ വാഗ്ദാനം നല്‍കിയത്. ഇത് വിശ്വസിച്ച ആളുകള്‍ പദ്ധതിയില്‍ പണം നിക്ഷേപിക്കുകയായിരുന്നു.
ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട വന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലുള്ളതെന്നാ് ആരോപണം. പണം നഷ്ടപ്പെട്ടവരില്‍ മിക്കവരും ലീഗ് അനുഭാവികളാണെന്നതും ശ്രദ്ധേയമാണ്.
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മുച്ചക്ര വാഹന വിതരണം, വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം, ഡയാലിസിസ് യൂണിറ്റുകള്‍ ഒരുക്കല്‍, സോളാര്‍ പാനല്‍ സ്ഥാപിക്കല്‍, നിര്‍മാണ പ്രവൃത്തികള്‍, ജില്ലാ പഞ്ചായത്തിന് കീഴിലെ ആശുപത്രികളില്‍ ശസ്ത്രക്രിയ ഉപകരണ വിതരണം എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്.
ലീഗ് നേതാക്കള്‍ ബിനാമി പേരില്‍ കരാര്‍ ഏറ്റെടുത്ത ശേഷം പണം മുടക്കാന്‍ നിക്ഷേപകരെ സമീപിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. പ്രവൃത്തി പൂര്‍ത്തിയായാല്‍ ലാഭത്തിന്റെ 50 ശതമാനം നിക്ഷേപകര്‍ക്ക് ലഭിക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ബാക്കി 50 ശതമാനം ലീഗ് നേതാക്കളും ഇടനിലാക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം വീതിച്ചെടുക്കും.
ജില്ലാ പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ പ്രസിഡന്റിന്റെ പേഴ്സണല്‍ സ്റ്റാഫ് ജീവനക്കാരനാണ് ഇവര്‍ പണം കൈമാറിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ലാഭവിഹിതം കിട്ടാതായതോടെ നിക്ഷേപകര്‍ ലീഗ് നേതാക്കളെ സമീപിക്കുകയായിരുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ നിരവധി തവണ ചര്‍ച്ച നടന്നിട്ടും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.
Content Highlight: Youth League leader arrested at Mumbai airport for fraud worth crores