| Sunday, 13th November 2016, 9:51 am

സംസ്ഥാന സമ്മേളനം അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കോഴിക്കോട് കടപ്പുറം വൃത്തിയാക്കി യൂത്ത് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമ്മേളനം കഴിഞ്ഞ് നേരം പുലരുന്നതിന് മുന്‍പ് തന്നെ മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് പ്രസിഡന്റ് പി.എം സാദിഖലിയായിരുന്നു വ്യക്തമാക്കിയത്


കോഴിക്കോട്: യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനം സമാപിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെ മാല്യന്യങ്ങള്‍ മുഴുവന്‍ നീക്കം ചെയ്ത് യൂത്ത് ലീഗ്.

സമ്മേളനം കഴിഞ്ഞ് നേരം പുലരുന്നതിന് മുന്‍പ് തന്നെ മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് പ്രസിഡന്റ് പി.എം സാദിഖലിയായിരുന്നു വ്യക്തമാക്കിയത്. ആ വാക്ക് തങ്ങള്‍ പാലിച്ചുകഴിഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

കോഴിക്കോട് കടപ്പുറത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത നേതാക്കളും പ്രവര്‍ത്തകരും

കോഴിക്കോട് ബീച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരായിരുന്നു സംസ്ഥാന സമ്മേളത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നത്. പരിപാടി കഴിഞ്ഞതോടെ യൂത്ത് ലീഗിന്റെ പ്രവര്‍ത്തകരും നേതാക്കളും കടപ്പുറത്തെ മാലിന്യങ്ങള്‍ മാറ്റാനായി ആവേശത്തോടെ മുന്നിട്ടിറങ്ങി. നേരം പുലരുന്നതിന് മുന്‍പ് തന്നെ സമ്മേളന നഗരിയിലെ മാലിന്യങ്ങള്‍ മുഴുവന്‍ അവര്‍ മാറ്റി.

അതേസമയം ഇതൊരു മേനിപറച്ചിലായി കണക്കാക്കരുതെന്നും യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം സമാപിക്കുമ്പോള്‍ കിലോമീറ്ററുകള്‍ ദൂരമുള്ള കോഴിക്കോട് കടപ്പുറത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു എന്നും പി.കെ ഫിറോസ് വ്യക്തമാക്കി.  എന്നാല്‍ ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുത്തെന്നും നേരം പുലരുന്നതിനു മുന്‍പേ മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് പ്രസിഡണ്ട് പി.എം സാദിഖലിക്ക് നല്‍കിയ ഉറപ്പ് ഞങ്ങള്‍ പാലിച്ചെന്നും പി.കെ ഫിറോസ് പറഞ്ഞു.

നേതാക്കളും പ്രവര്‍ത്തകരുമടക്കം ഒട്ടനവധി പേരാണ് ഈ ദൗത്യത്തില്‍ പങ്കാളികളായത്. എല്ലാവരുടെയും പേര് പരാമര്‍ശിക്കുന്നില്ല. എങ്കിലും ഞങ്ങളിലാര്‍ക്കും പരിചയമില്ലാത്തവര്‍ വരെ ആദ്യാവസാനം നടത്തിയ കഠിനാധ്വാനം മറക്കാനാവില്ലെന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്നായിരുന്നു പൊതുസമ്മേളനം.

നേരത്തെ പിണറായി വിജയന്‍ നയിച്ച സി.പി.ഐ.എം നവകേരളാ മാര്‍ച്ചിന്റെ സമാപനസമ്മേളനം ശംഖുമുഖം കടപ്പുറത്ത് സമാപിച്ചപ്പോള്‍ സമ്മേളനത്തില്‍ പങ്കെടുത്ത സി.പി.ഐ.എം നേതാക്കള്‍ ഉള്‍പ്പെടെ കടപ്പുറത്ത് ഉപേക്ഷിച്ച മാല്യന്യങ്ങളെല്ലാം നീക്കം ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ദേശീയ കൗണ്‍സില്‍ കോഴിക്കോട് കടപ്പുറത്ത് സമാപിച്ചതിന് ശേഷം സമ്മേളന നഗരിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more