| Wednesday, 4th June 2014, 7:43 pm

താക്കറെക്കെതിര പോസ്റ്റിട്ടതിന് യുവാവിനെ വധിച്ചു; 7 പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] പൂനെ: ബാല്‍താക്കറെയുടെയും ശിവാജിയുടെയും ആക്ഷേപകരമായ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ സോളാപൂരില്‍ മുസ്ലിം യുവാവിനെ വധിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു രാഷ്ട്ര സേന എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഐ.ടി പ്രൊഫഷണലായ മുഹ്‌സിന്‍ സാദിഖ് ഷൈഖ് എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. ശിവസേനാ നേതാവ് ബാല്‍താക്കറെയെയും മറാത്താ ഭരണാധികാരിയായിരുന്ന ശിവജിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും പ്രചരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

ഞായറാഴ്ച്ച രാത്രി സുഹൃത്തുമൊത്ത് പള്ളിയില്‍ നിന്നും വാടകവീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം ആളുകള്‍ ഹോക്കിസ്റ്റിക്കുകളും ഇരുമ്പ് ദണ്ഡുമുപയോഗിച്ച് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് റിയാസ് സംഭവസ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ട് സാദിഖ് ഷൈഖിന്റെ സഹോദരനുമായി എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പോലീസ് ഉടനെ സംഭവ സ്ഥലത്ത് എത്തിയെങ്കിലും കൊലയാളികള്‍ ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. തൊണ്ടി മുതലുകള്‍ പോലീസിനെ പ്രതികളിലേക്ക് നയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഏഴു പേരും 19-24 പ്രായത്തിലുള്ളവരാണ്. ഇവര്‍ ഹിന്ദു രാഷ്ട്ര സേന എന്ന തീവ്ര സംഘനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 25ഓളം പേര്‍ ചേര്‍ന്നാണ് ഷൈഖിനെ ആക്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി സംഘടനയുടെ തലവന്‍ ധനഞ്ജയ് ദേശായിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വിദ്വേഷം സൃഷ്ടിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന പഴയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ബാല്‍താക്കറെയുടെയും ശിവാജിയുടെയും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറും 200ലധികം വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more