| Friday, 19th September 2025, 1:05 pm

തലയുയര്‍ത്തി നില്‍ക്കാനാവുന്നില്ല; അഭിനയം രാഷ്ട്രീയമാക്കിയവര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമല്ല; രമേശ് പിഷാരടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെയും അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ച രമേശ് പിഷാരടിയെയും വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നീതു വിജയന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഇപ്പോഴും ആരോപണങ്ങള്‍ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാത്തത് ആശങ്കയുണ്ടാക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് ലഭിച്ച പരാതികള്‍ നേതാക്കള്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശങ്ങള്‍ പിഷാരടിയെ പോലുള്ളവര്‍ ഒഴിവാക്കണമെന്നും നീതു കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നീതുവിന്റെ വിമര്‍ശനം.

ഒരു യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് എന്ന നിലയില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് തങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും ആത്മാഭിമാനമുള്ള വനിതാ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊതുസമൂഹത്തിന് മുന്നിലിപ്പോള്‍ തല ഉയര്‍ത്താന്‍ കഴിയുന്നില്ലെന്നും നീതു പറഞ്ഞു. അഭിനയം രാഷ്ട്രീയം ആക്കുന്നവര്‍ക്ക് ഇത് പ്രശ്‌നമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമ മേഖലയില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ നിങ്ങള്‍ എല്ലാവരെയും ബാധിക്കുന്നത് പോലെ തന്നെയാണ് പൊതുപ്രവര്‍ത്തന രംഗത്തും. ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ കാണിച്ച താത്പര്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം സഹപ്രവര്‍ത്തകയായ ഒരു അതിജീവിതയുടെ പ്രമാദമായ കേസില്‍ എന്തുകൊണ്ട് താങ്കള്‍ കാണിച്ചില്ല? താങ്കള്‍ അടക്കമുള്ളവര്‍ മൗനം പാലിച്ചത് എന്തിന് വേണ്ടിയായിരുന്നു?,’ നീതു ചോദിച്ചു.

സഹപ്രവര്‍ത്തക സ്‌നേഹയ്ക്കും ഉമാ തോമസ് എം.എല്‍.എയ്ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാ ലിന്റെ ഭാര്യയ്ക്കും നേരെയുണ്ടായ സൈബര്‍ അറ്റാക്ക് കണ്ട് ഭയന്നാണ് വനിതകള്‍ മിണ്ടാതിരിക്കുന്നത്. ഇനിയും നിശബ്ദത തുടര്‍ന്നാല്‍ കഴുകന്മാരുടെ കണ്ണുകള്‍ പുതിയ നിരയിലെ പെണ്‍കുട്ടികള്‍ക്ക് നേരെ തിരിയുമെന്നതിലാണ് ഇത് എഴുതുന്നത്. കോണ്‍ഗ്രസും നേതാക്കളും സ്ത്രീപക്ഷത്ത് തന്നെയാണ് എന്ന് പറഞ്ഞാണ് നീതു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് രമേശ് പിഷാരടി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പിന്തുണച്ച് രംഗത്ത് വന്നത്. ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെളിയുന്നതുവരെ രാഹുലിനെതിരെ നടപടിയെടുക്കേണ്ടിയിരുന്നില്ലെന്നും
വിധി വരട്ടെയെന്ന് പറയാന്‍ ഇതുവരെ രാഹുലിനെതിരെ ഒറ്റ പരാതിയുമില്ലെന്നുമാണ് പിഷാരടി പറഞ്ഞത്.

നീതു വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

Mr. രമേശ് പിഷാരടി,

താങ്കള്‍ ഒരു സുപ്രസിദ്ധനായ താരം എന്നതിലുപരി കോണ്‍ഗ്രസുകാരനായ താരം എന്നതില്‍ ഏറെ അഭിമാനിച്ചവരാണ് ഞാനടക്കമുള്ള കോണ്‍ഗ്രസുകാര്‍. പക്ഷേ, താങ്കളുടെ ഇന്നത്തെ പരാമര്‍ശം ഒരു കോണ്‍ഗ്രസ് അനുഭാവിയുടേതല്ലാത്തതായി മാറി. പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ നടപടി എടുത്ത കാര്യങ്ങള്‍ എല്ലാം താങ്കള്‍ക്കും അറിവുള്ളതാണല്ലോ?…

പാര്‍ട്ടിയുടെ അച്ചടക്ക നടപടി എന്ന് പറയുന്നത് കേവലം പോലീസ് സ്റ്റേഷനില്‍ വീഴുന്ന ഒരു എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലോ, കോടതിയില്‍ ശിക്ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലോ, മാധ്യമ വിചാരണയിലോ അല്ല. മറിച്ച്, പാര്‍ട്ടിക്ക് ലഭിക്കുന്ന പരാതികളുടെയും നേതാക്കളുടെ ബോധ്യപ്പെടലുകളുടെയും അടിസ്ഥാനത്തില്‍ ആണ്.

ഈ വിഷയത്തില്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്ക് വ്യക്തമായ ബോധ്യമുള്ളതിനാലാവണം നേതൃത്വം ഇത്തരം അച്ചടക്ക നടപടിയിലേക്ക് കടന്നത് എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ഒരു യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് എന്ന നിലയില്‍ ഞങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ താങ്കള്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ല. പൊതുസമൂഹത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്.

ഞങ്ങളുടെ പ്രസ്ഥാനത്തില്‍ ഉള്ള ഓരോരുത്തര്‍ക്കും നേരെ ഉയരുന്ന ആരോപണങ്ങള്‍ ഞങ്ങളെയും ബാധിക്കുന്നതാണ് എന്ന് നിങ്ങള്‍ ഓര്‍ക്കണം. രാഹുല്‍ മാങ്കൂട്ടം ഈ ആരോപണങ്ങള്‍ ഒന്ന് നിഷേധിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് തല ഉയര്‍ത്തി നടക്കാമായിരുന്നു. ഇപ്പോള്‍ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊതുസമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് അവസ്ഥ.

അഭിനയം രാഷ്ട്രീയം ആക്കുന്നവര്‍ക്ക് ഇത് പ്രശ്‌നമല്ല. പക്ഷെ രാഷ്ട്രീയം സാമൂഹ്യസേവനം ആക്കുന്നവര്‍ക്ക് സമൂഹത്തെ അഭിമുഖീകരിക്കേണ്ടിവരും. സിനിമ മേഖലയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ എല്ലാവരെയും ബാധിക്കുന്നത് പോലെ തന്നെയാണ് പൊതുപ്രവര്‍ത്തന രംഗത്തും.

ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ കാണിച്ച താത്പര്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം സഹപ്രവര്‍ത്തകയായ ഒരു അതിജീവിതയുടെ പ്രമാദമായ കേസില്‍ എന്തുകൊണ്ട് താങ്കള്‍ കാണിച്ചില്ല. താങ്കള്‍ അടക്കമുള്ളവര്‍ മൗനം പാലിച്ചത് എന്തിന് വേണ്ടിയായിരുന്നു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത തീരുമാനമാണ്. ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാന്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ല എന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവര്‍ത്തകയാണ് ഞാന്‍. വ്യക്തികേന്ദ്രീകൃതമായി സംസാരിക്കാതെ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് വില കല്പിക്കണം. എന്തായാലും താങ്കളെ പോലുള്ളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണം.

സഹപ്രവര്‍ത്തക സ്‌നേഹയ്ക്കും ഉമാ തോമസ് എം.എല്‍.എയ്ക്കും എന്തിനേറെ പ്രിയപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ എം.പിയുടെ പത്‌നിയ്ക്ക് നേരെ പോലും ഉണ്ടായ സൈബര്‍ അറ്റാക്കുകള്‍ കണ്ട് ഭയന്നു തന്നെയാണ് ഇത്രയും നാള്‍ വനിതകള്‍ മൗനിയായത്.ഇനിയും നിശബ്ദത പാലിച്ചാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയ നിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്. സ്ത്രീപക്ഷത്ത് തന്നെയാണ് എന്റെ കോണ്‍ഗ്രസും നേതാക്കളും.

എന്ന്

നീതു വിജയന്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
യൂത്ത് കോണ്‍ഗ്രസ്
കേരളം

Content Highlight: Youth Congress women leader Neethu Vijayan criticizes Ramesh Pisharody and Rahul Mamkootathil

We use cookies to give you the best possible experience. Learn more