തിരുവനന്തപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ സൂംബ ഡാൻസ് നടപ്പാക്കുമെന്ന സർക്കാർ നടപടിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. വിദ്യാലയങ്ങളിൽ സൂംബ നൃത്തം പഠിപ്പിക്കുമെന്ന സർക്കാർ പദ്ധതിയിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.
ഇത് ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന കാലമാണെന്നും ആരോഗ്യസംരക്ഷണത്തിനുള്ള ഇത്തരം ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും സൂംബക്ക് യൂത്ത് കോൺഗ്രസ് പിന്തുണ നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിനെ ഉദ്ധരിച്ചുകൊണ്ട് ട്വന്റി ഫോർ ന്യൂസാണിത് റിപ്പോർട്ട് ചെയ്തത്.
വിവാദത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണെന്നും ചർച്ചയാകേണ്ട നിരവധി വിഷയങ്ങൾ വേറെയുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. ചർച്ചയാകേണ്ട മറ്റ് വിഷയങ്ങൾ മറക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സൂംബ നൃത്തം പഠിപ്പിക്കുന്നതിൽ എം.എസ്.എഫിന്റെ എതിർപ്പ് ശ്രദ്ധയിൽ പെട്ടില്ല. എം.എസ്.എഫിന് അങ്ങനെ ഒരു നിലപാട് ഉണ്ടെങ്കിൽ അത് അവരുടെ സ്വതന്ത്ര നിലപാടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.
അതേസമയം സൂംബ നൃത്തത്തെ പിന്തുണച്ച് കെ.എസ്.യുവും രംഗത്തെത്തിയിട്ടുണ്ട്. സദുദ്ദേശപരമായ നിർദേശമാണ് സർക്കാർ നടത്തിയതെന്ന് കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ആരെയും ഒന്നും അടിച്ചേൽപ്പിക്കുമെന്ന് കരുതുന്നില്ല. നല്ല ആശയങ്ങളെ ഉൾക്കൊള്ളണം എന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. മറിച്ച് ഒരു അഭിപ്രായമില്ല. വിഷയത്തിൽ ആവശ്യമായ ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സൂംബ ഡാൻസ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി ലീഗ് സുന്നി അനുകൂല നേതാക്കൾ രംഗത്തെത്തിയിരുന്നു. അല്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബാ ഡാൻസെന്നും ധാർമികതക്ക് ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാന്‍സെന്നുമുള്ള വാദങ്ങളായിരുന്നു ഇവർ ആരോപിച്ചിരുന്നത്.
എന്നാൽ സ്കൂളുകളിൽ നടത്തുന്നത് ലഘു വ്യായാമമാണെന്നും കുട്ടികൾ യൂണിഫോമിലാണ് നൃത്തം ചെയ്യുകയെന്നും അല്പവസ്ത്രം ധരിക്കാൻ അവരെ ആരും നിർബന്ധിക്കുന്നില്ലെന്നും വിമർശങ്ങൾക്ക് മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
Content Highlight: Youth Congress supports Zumba dance in schools; Rahul urges to promote efforts for healthcare