തൃശൂര്‍: സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ച ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.ജെ. ജെനീഷ്. തൃശൂരിലെ സി.പി.ഐ.എം നേതാക്കളുടെ സാമ്പത്തിക കൊള്ളയും, അഴിമതിയും സംബന്ധിച്ച് പുറത്ത് വന്ന ശബ്ദരേഖ കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകളില്‍ പാര്‍ട്ടിയുടെ പങ്ക് ശരിവക്കുന്നതാണെന്ന് ജെനീഷ് പറഞ്ഞു.
ശരത്പ്രസാദിന് പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ദേഹത്തിന് സംരക്ഷണം നല്‍കുമെന്നും ജെനീഷ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജെനീഷ് ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയ്ക്ക് പിന്തുണ അറിയിച്ചത്.
‘രാഷ്ട്രീയ ധാര്‍മികതയില്‍ ശരത് ഉറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ ഇനിയും സത്യങ്ങള്‍ വിളിച്ചു പറയാന്‍ തയ്യാറാകണം. നിലവില്‍ പുറത്തുവന്ന ശബ്ദരേഖയുടെ പേരില്‍ സി.പി.ഐ.എം ക്രിമിനലുകളാല്‍ ഇദ്ദേഹം ആക്രമിക്കപ്പെടാനും ഇന്നോവ കാര്‍ വീട്ടുമുറ്റത്ത് തിരിയാനും സാധ്യതയുണ്ട്. പൊലീസ് സംരക്ഷണം നല്‍കണം, അല്ലാത്തപക്ഷം യൂത്ത് കോണ്‍ഗ്രസ് അദ്ദേഹത്തിന് സംരക്ഷണം നല്‍കും,’ ഒ.ജെ. ജെനീഷ് പറഞ്ഞു.
തൃശൂരിലെ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം ആരോപിക്കുന്ന ശരത് പ്രസാദിന്റെ ശബ്ദ രേഖ ഇന്ന് രാവിലെയാണ് പുറത്ത് വന്നത്. ഡി.വൈ.എഫ്.ഐ കമ്മിറ്റി അംഗവും സുഹൃത്തുമായ നിബിന്‍ ശ്രീനിവാസനോട് സംസാരിക്കുന്ന വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ശരത്ചന്ദ്രന്റെ ശബ്ദരേഖയാണ് പുറത്തെത്തിയത്.
മുന്‍മന്ത്രിയായ എ.സി. മൊയ്തീന്‍, മുതിര്‍ന്ന സി.പി.ഐ.എം നേതാവായ എം.കെ. കണ്ണന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തി, പുതുക്കാട് എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ശരത് പ്രസാദ് ഓഡിയോയില്‍ ആരോപണം ഉന്നയിക്കുന്നത്.
കപ്പലണ്ടി വിറ്റുനടന്ന എം.കെ. കണ്ണന്‍ ഇന്ന് കോടിപതിയാണെന്നും ടോപ് ക്ലാസ് ആളുകളുമായാണ് എ.സി. മൊയ്തീന്റെ ഇടപാടുകളെന്നും ശരത് പ്രസാദ് പറയുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. സി.പി.ഐ.എം ജില്ലാനേതൃത്തിലെ ആര്‍ക്കും സാമ്പത്തികമായി ഒരു പ്രശ്നവുമില്ല. ഒരുഘട്ടം കഴിഞ്ഞാല്‍ നേതാക്കളുടെ നിലവാരം മാറുകയാണ്. വന്‍തോതിലുള്ള പിരിവാണ് പാര്‍ട്ടിയില്‍ നടക്കുന്നത്.
ഡി.വൈ.എഫ്.ഐ നേതാവ് പിരിക്കുമ്പോള്‍ പണം കുറച്ചേ ലഭിക്കൂവെന്നും എന്നാല്‍, സി.പി.ഐ.എം നേതൃത്വം പിരിക്കുമ്പോള്‍ ലക്ഷങ്ങളാണെന്നും ശരത് പ്രസാദ് ആരോപിക്കുന്നുണ്ട്.
അതേസമയം, ഈ ശബ്ദരേഖ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് സി.പി.ഐ.എം തൃശൂര്‍ ജില്ലാസെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ ശരത് പ്രസാദിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം.കെ. കണ്ണനും രംഗത്തെത്തി. താന്‍ സമ്പാദിച്ചെന്ന് പറയുന്ന കോടികള്‍ ഏത് ബാങ്കിലാണ് നിക്ഷേപിച്ചതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നൂറ് രൂപയില്‍ കൂടുതല്‍ ഒരു അക്കൗണ്ടില്‍ നിന്നും കണ്ടെത്താനാകില്ലെന്നും ഇ.ഡി അകന്ന ബന്ധുക്കളുടെയടക്കം അക്കൗണ്ടുകള്‍ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Youth Congress supports DYFI Thrissur District Secretary Sarath Prasad