| Thursday, 21st August 2025, 9:32 am

ആരോപണം എപ്പോഴും ചിരിച്ചു തള്ളാനാകില്ല, രാഹുല്‍ മൗനം പാലിക്കുന്നത് ശരിയല്ല: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി സ്‌നേഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം.

ആരോപണം എപ്പോഴും ചിരിച്ചു തള്ളാനാകില്ലെന്നും രാഹുല്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി സ്‌നേഹ പറഞ്ഞു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കണം. സത്യം സമൂഹത്തെ അറിയിക്കാന്‍ സംഘടനയ്ക്ക് ബാധ്യതയുണ്ട്. ഇനി സത്യമല്ലെങ്കില്‍ ആരോപണമുന്നയിച്ച പെണ്‍കുട്ടിക്കെതിരെ കേസ് കൊടുക്കാന്‍ തയ്യാറാകണമെന്നും ആര്‍.വി സ്‌നേഹ പറഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകണമെന്നും ചര്‍ച്ച ചെയ്യാതിരിക്കേണ്ട കാര്യമെന്താണെന്നും സ്‌നേഹ ചോദിക്കുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണ വിധേയമായി മാറി നില്‍ക്കേണ്ട ഉത്തരവാദിത്തവും കടമയും അദ്ദേഹത്തിനുമുണ്ട്.

സത്യം സമൂഹത്തിന് അറിയണം. പെണ്ണുപിടിയനായ ഒരു സംസ്ഥാന പ്രസിഡന്റല്ല യൂത്ത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ നയിക്കുന്നത്
എന്ന് സമൂഹത്തിന് തെളിയിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഉണ്ടെന്നും ആര്‍.വി സ്‌നേഹ പറഞ്ഞു.

‘ ഈ വിഷയം എങ്ങനെയാണ് ചര്‍ച്ച ചെയ്യാതിരിക്കുക. ഇത് എത്രാമത്തെ വിഷയമാണ്. സ്വാഭാവികമായി ഓരോത്തര്‍ വന്ന് ഓരോ കഥകള്‍ പറയുമ്പോള്‍ ഇത് കേട്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.

ഇത്തരം കാര്യങ്ങള്‍ എപ്പോഴും ചിരിച്ചു തള്ളാന്‍ പറ്റില്ല. ഇതുവരെ വന്ന ആരോപണങ്ങള്‍ പോലെയല്ല ഇത്. പ്രതികരിക്കേണ്ടതില്‍ പ്രതികരിക്കണം. ചര്‍ച്ചയുണ്ടാകണം. ചര്‍ച്ച ചെയ്യാതിരിക്കേണ്ട കാര്യമെന്താണ്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണ വിധേയമായി മാറി നില്‍ക്കേണ്ട ഉത്തരവാദിത്തവും കടമയും അദ്ദേഹത്തിനുമുണ്ട്. ഇനി ഇതില്‍ സത്യമില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ കേസ് കൊടുക്കണം. സത്യം സമൂഹത്തിന് അറിയണം.

പെണ്ണുപിടിയനായ ഒരു സംസ്ഥാന പ്രസിഡന്റല്ല പ്രസ്ഥാനത്തെ നയിക്കുന്നത് എന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ വിഷയത്തില്‍ അടിയന്തിരമായി ഗ്രൂപ്പില്‍ ചര്‍ച്ചയുണ്ടാകണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണം. ദിവസേനയെന്നോണം ഓരോ പെണ്‍പിള്ളേര്‍ വന്നിട്ട് ഇങ്ങനെ പറയുമ്പോള്‍ ഇത് കേട്ടോണ്ടിരിക്കാന്‍ നമുക്ക് പറ്റില്ല.

നമ്മളൊക്കെ സാധാരണ മനുഷ്യരാണ്. ഒരാള്‍ക്കെതിരെ നിരന്തരമായി ആരോപണം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ഒരാളെങ്കിലും വിശ്വസിക്കും. തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ കൃത്യമായി ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഒരു മറുപടി കൊടുക്കണം,’ ആര്‍.വി സ്‌നേഹ പറയുന്നു.

കഴിഞ്ഞദിവസം യുവനടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് സംസ്ഥാനത്തെ ഒരു യുവനേതാവ് തന്നോട് മോശമായി പെരുമാറിയെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

നേതാവിന്റെ പേരെടുത്ത് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. ഹു കെയേഴ്‌സ് എന്ന ആറ്റിറ്റിയൂഡുള്ള ഒരാള് ഇതെന്നും റിനി പറഞ്ഞു. ഇത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ അല്ലേ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ റിനി അത് നിഷേധിക്കുകയും ചെയ്തിരുന്നില്ല.

Content Highlight: Youth Congress State Commttee against Rahul Mankoottathil

We use cookies to give you the best possible experience. Learn more