| Saturday, 26th September 2026, 5:28 pm

അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലീസ് ബലം പ്രയോഗിച്ച് നീക്കി

റെന്വര്‍ പി

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നില്‍ വെച്ചായിരുന്നു അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.

അമിത് ഷാ ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങി വാഹനത്തില്‍ പോകുമ്പോഴായിരുന്നു സംഭവം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മലയാളം ചാനലുകള്‍ പുറത്തുവിട്ടു. പിന്നാലെ യൂത്ത് കോണ്‍ഗ്രസുകാരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ബിനു അടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ജില്ലയിലെ സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു അമിത് ഷാ കൊല്ലത്തെത്തിയത്. അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷത്തിലും അമിത് ഷാ പങ്കെടുക്കും.

അമിത് ഷായുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Content Highlight: Youth Congress Protest Against Amit Shah at Kollam

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more