| Monday, 6th October 2025, 8:50 am

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പ്രണയം നടിച്ചു, വീട്ടമ്മയില്‍ നിന്ന് 10 പവന്‍ തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നീലേശ്വരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പ്രണയം നടിച്ച് വീട്ടമ്മയില്‍ നിന്ന് 10 പവന്‍ തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. നീലേശ്വരം മണ്ഡലം സെക്രട്ടറിയും ഐ.എന്‍.ടി.യു.സി നേതാവുമായ മാര്‍ക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

മെഡിക്കല്‍ കോളേജ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന വീട്ടമ്മയെ ഇയാള്‍ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുണ്ടാക്കി പരിചയപ്പെടുകയായിരുന്നു. പിന്നീട് പണയം വെക്കാനെന്ന പേരില്‍ ഇവരില്‍ നിന്ന് 10 പവന്‍ സ്വര്‍ണം തട്ടിയത്. ശേഷം ഇയാള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി വീട്ടമ്മ മനസിലാക്കിയത്.

തുടര്‍ന്ന് വീട്ടമ്മ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇന്‍സ്‌പെക്ടര്‍ കെ. ബൈജുവും സംഘവും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നീലേശ്വരം പൊലീസിന്റെ സഹായത്തോടെയാണ് ഷെനീറിനെ പിടികൂടിയത്. ഇത് ആദ്യമായല്ല ഷെനീര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്.

ഏതാനും മാസം മുമ്പ് കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനമായ തട്ടിപ്പ് ഷെനീര്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു വീട്ടമ്മയെ ഷെനീര്‍ തട്ടിപ്പിനിരയാക്കിയതിന് പിന്നാലെ അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിക്ക് പിന്നാലെ പണം തിരിച്ചുനല്‍കി പൊലീസ് കേസ് ഒതുക്കിതീര്‍ത്തു.

Content Highlight: Youth Congress leader get arrested for theft in Neeleswaram

We use cookies to give you the best possible experience. Learn more