മലപ്പുറം: ശബരിമല പാരഡി വിവാദത്തിനിടെ സി.പി.ഐ.എമ്മിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി അയ്യപ്പഗാനത്തെ വികലമാക്കിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് തെക്കന്‍കര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമ്മാട്ടിലാണ് പരാതി നല്‍കിയത്.
മലപ്പുറം താളാനൂര്‍ ഡിവിഷനില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉപയോഗിച്ച പാട്ടിനെതിരെയാണ് അനീഷ് പരാതി നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ ചര്‍ച്ചയായ പോറ്റിയേ… കേറ്റിയേ… എന്ന് തുടങ്ങുന്ന ഗാനമല്ല ഇത്. അയ്യപ്പ ഭക്തിഗാനത്തിന്റെ അതേ ഇണത്തിലുള്ള പാട്ടാണ് സി.പി.ഐ.എം ഉപയോഗിച്ചത് എന്നും, തെരഞ്ഞെടുപ്പിന് പിന്നാലെ ഈ പാട്ട് ഉപയോഗിച്ച് വിജയാഘോഷം നടത്തിയെന്നും കാണിച്ചാണ് അനീഷ് ഡി.ജെ.പിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് അനീഷിന്റെ പരാതിയിലുള്ളത്. തന്റെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പ്രധാനമായും ഇയാള്‍ പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഡി.ജി.പിക്ക് നല്‍കിയ പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. തുടര്‍നടപടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, വിവിധ അക്കൗണ്ടുകളില്‍ നിന്നും പോറ്റിയേ… കേറ്റിയേ… എന്ന് തുടങ്ങിയ പാട്ട് കോടതി നിര്‍ദേശമില്ലാതിരുന്നിട്ടും നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മെറ്റയ്ക്ക് കത്തയച്ചിരുന്നു.
കഴിഞ്ഞദിവസം സൈബര്‍ പൊലീസ് ഈ പാരഡി ഗാനത്തിനെതിരെ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റ അക്കൗണ്ടുകളില്‍ നിന്നും ഗാനം പിന്‍വലിക്കാന്‍ ആരംഭിച്ചത്.
നിരവധി ഫേസ്ബുക്ക്, യൂട്യൂബ്, അക്കൗണ്ടുകളില്‍ നിന്നുമാണ് പാരഡി ഗാനം പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍.
മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കുമെന്ന് കാണിച്ചാണ് തിരുവന്തപുരം സൈബര്‍ പൊലീസ് പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.
ജി.പി. കുഞ്ഞബ്ദുള്ള, ഡാനിഷ്, സി.എം.എസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
Content Highlight: Youth Congress leader files complaint against CPI(M) for distorting Ayyappa song for political gain