| Monday, 13th October 2025, 6:51 pm

യൂത്ത് കോണ്‍ഗ്രസില്‍ ആദ്യമായി 'വര്‍ക്കിങ് പ്രസിഡന്റ്'; ഗ്രൂപ്പ് വീതംവെയ്പ്പ് ചോദ്യം ചെയ്ത് പ്രവര്‍ത്തകരും നേതാക്കളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗ്രൂപ്പ് തര്‍ക്കങ്ങളുടെ പേരില്‍ പുതിയ പദവികള്‍ രൂപീകരിച്ച് സ്ഥാനമാനങ്ങള്‍ അനുവദിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പരസ്യപ്രതികരണങ്ങള്‍.

തിങ്കളാഴ്ച വൈകുന്നേരത്തോടെ കേരളാ യൂത്ത് കോണ്‍ഗ്രസിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധങ്ങളും ഉയര്‍ന്നിരിക്കുകയാണ്.

സോഷ്യല്‍മീഡിയയിലൂടെ പ്രതിഷേധങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ആദ്യമായി വര്‍ക്കിങ് പ്രസിഡന്റ് പദവി സൃഷ്ടിച്ചതിനെതിരെയാണ് വിമര്‍ശനം.

ഓ.ജി ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ച് എ.ഐ.സി.സി തിങ്കളാഴ്ചയാണ് തീരുമാനം പുറത്തുവിട്ടത്. കെ.എം അഭിജിത്തിനെയും അബിന്‍ വര്‍ക്കിയെയും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം, ഇത്രനാളും യൂത്ത് കോണ്‍ഗ്രസില്‍ ഇല്ലാതിരുന്ന വര്‍ക്കിങ് പ്രസിഡന്റ് എന്ന പുതിയ പദവിക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരിക്കുന്നത്.

പുതിയ പുതിയ പോസ്റ്റുകള്‍ യൂത്ത് കോണ്‍ഗ്രസിലും ‘വര്‍ക്കിങ് പ്രസിഡന്റ്’. ഗ്രൂപ്പിന്റെ പ്രശ്‌നം തീര്‍ക്കാന്‍ ഉള്ളതല്ല യൂത്ത് കോണ്‍ഗ്രസെന്നും സംഘടനാ തിരഞ്ഞെടുപ്പിലൂടെ വന്നവര്‍ക്ക് തിരിച്ചടിയാണിതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ആസാദ് തമ്പനങ്ങാടി വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയുള്ള വിമര്‍ശനത്തിന് നിരവധി പേരാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കൊല്ലം നിയോജക മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഹഫീസ് കൊല്ലാരന്‍ ഒന്നര വര്‍ഷത്തെ തന്റെ സേവനകാലത്തൊന്നും ഇപ്പോള്‍ പ്രഖ്യാപിച്ച വര്‍ക്കിങ് പ്രസിഡന്റിനെ സംഘടനയുടെ ഏഴയലത്ത് പോലും കണ്ടിട്ടില്ലെന്ന് വിമര്‍ശിച്ചു.

സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല എന്ന കാരണത്താല്‍ ഒരാളെ മാറ്റിനിര്‍ത്തുമ്പോള്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാള്‍ വര്‍ക്കിങ് പ്രസിഡന്റ് ആവുന്നത് തീര്‍ച്ചയായും മര്‍ക്കട വാദം തന്നെയാണെന്നും വിമര്‍ശനം ഉയര്‍ന്നു.

അതേസമയം, ഫേസ്ബുക്കിലൂടെയല്ല പ്രതികരിക്കേണ്ടതെന്നും സംഘടനയുടെ യോഗങ്ങളിലാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കെ.എം അഭിജിത്ത്, അബിന്‍ വര്‍ക്കി, ബിനു ചുള്ളിയില്‍ എന്നിവരെ തള്ളിയാണ് ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കുന്നത്. ഷാഫി പറമ്പിലിന്റെ ശക്തമായ പിന്തുണയോടെയാണ് ജനീഷിന് സ്ഥാനം ലഭിച്ചിരിക്കുന്നതെന്നാണ് സൂചന.

നേരത്തെ, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ സ്ഥാനം തെറിച്ചിരുന്നു. വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് വോട്ട് നേടിയതെന്ന ആരോപണം ഉയര്‍ന്നതോടെ പൊലീസ് അന്വേഷണവും നടക്കുകയാണ്.

രാഹുലിന്റെ പടിയറക്കത്തോടെ പുതിയ നേതൃത്വത്തിനെ പ്രഖ്യാപിക്കാനുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും. അധ്യക്ഷ സ്ഥാനത്തിനായി പിടിവലി ശക്തമായതോടെയാണ് തീരുമാനവും നീണ്ടത്. ഗ്രൂപ്പ് തര്‍ക്കങ്ങളുടെ പേരില്‍ താത്ക്കാലിക അധ്യക്ഷനെ പ്രഖ്യാപിക്കുന്ന നടപടിയും വൈകിയിരുന്നു.

ഒടുവില്‍ ഓ.ജി ജനീഷിനെ അധ്യക്ഷനായി പ്രഖ്യാപിച്ചിട്ടും യൂത്ത് കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ അവസാനിച്ചിട്ടില്ലെന്നാണ് നിലവിലെ പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നത്. 38കാരനായ ജനീഷ് എ ഗ്രൂപ്പ് പിന്തുണക്കുന്ന നേതാവാണ്. മുമ്പ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ജില്ലാ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlight: Youth Congress gets first ‘working president’; workers question group division

We use cookies to give you the best possible experience. Learn more