| Monday, 10th March 2025, 7:57 pm

ലൗ ജിഹാദ് പരാമര്‍ശം; പി.സി. ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി നേതാവും മുന്‍ പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെതിരെ വീണ്ടും പരാതി. യൂത്ത് കോണ്‍ഗ്രസാണ് പി.സി. ജോര്‍ജിനെതിരെ പരാതി നല്‍കിയത്. ജോർജിന്റെ ലൗ ജിഹാദ് പരാമർശത്തിൽ തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് പരാതിപ്പെട്ടത്.

ഇന്ന് (തിങ്കള്‍) പാലായില്‍ നടന്ന ലഹരിവിരുദ്ധ പരിപാടിയില്‍ നടത്തിയ പരാമര്‍ശത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. പി.സി. ജോര്‍ജ് നടത്തുന്നത് കള്ളപ്രചരണമാണെന്നും കേരളത്തില്‍ ഇതുവരെ ലൗ ജിഹാദില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

മീനച്ചില്‍ പഞ്ചായത്തില്‍ മാത്രമായി ലൗ ജിഹാദിലൂടെ നഷ്ടമായത് 400 പെണ്‍കുട്ടികളെയാണെന്നാണ് പി.സി. ജോര്‍ജ് ആരോപിച്ചത്. നഷ്ടപ്പെട്ട 400 കുട്ടികളില്‍ 41 കുട്ടികളെ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാവണമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

കല്യാണം കഴിഞ്ഞിട്ട് പഠിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്നും ഇക്കാര്യം ക്രൈസ്തവ സമൂഹം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്‍ എം.എല്‍.എ പാലായില്‍ പറഞ്ഞിരുന്നു.

ഈരാറ്റുപേട്ടയിലെ നടക്കല്‍ എന്ന സ്ഥലത്ത് നിന്ന് കേരളം മുഴുവനായി തകര്‍ക്കാന്‍ കഴിയുന്നത്രെ സ്ഫോടനവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നതെന്നും അവ എവിടെ കത്തിക്കാനാണെന്ന് തനിക്ക് അറിയാമെന്നും പി.സി. ജോര്‍ജ് പാലായില്‍ നടന്ന പരിപാടിയില്‍ സംസാരിച്ചിരുന്നു.

മതവിദ്വേഷ പരാമര്‍ശത്തില്‍ ജാമ്യത്തിലിരിക്കെയാണ് പി.സി. ജോര്‍ജ് വീണ്ടും വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

തുടര്‍ന്ന് ഫെബ്രുവരി 24ന് ഈരാറ്റുപേട്ട കോടതി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരുന്നു.വിദ്വേഷ പരാമര്‍ശക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന്, ഫെബ്രുവരി 24ന് പി.സി. ജോര്‍ജ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളിയ കോടതി ജോര്‍ജിനെ കസ്റ്റഡിയില്‍ വിടുകയും പിന്നാലെ ജാമ്യം ആനുവദിക്കുകയും ചെയ്തിരുന്നു. പി.സി. ജോര്‍ജിന്റെ ആരോഗ്യം കൂടി പരിഗണിച്ചായിരുന്നു ജാമ്യം.

Content Highlight: Youth Congress files complaint against PC George in love jihad remark

We use cookies to give you the best possible experience. Learn more