മുംബെ : ഒരായിരം കഥകള്‍ പറയുന്ന ചിത്രമായിരുന്നു അത്. കണ്ടവരുടെയെല്ലാം ഹൃദയം തകര്‍ത്ത ചിത്രം. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം. അച്ഛന്റെ സംസ്‌ക്കാര ചടങ്ങില്‍ വിലപിക്കുന്ന സോഹ്റ എന്ന കാശ്മീരിയുടെ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ രാജ്യത്തെ നിരവധി പേരെ നൊമ്പരത്തിലാഴ്ത്തുന്നു.
കാശ്മീരിലെ അനാട്ടങ്ങില്‍ ഡ്യുട്ടിയിലിരിക്കെ തീവ്രവാദികളുടെ വെടിയേറ്റാണ് പോലീസുകാരനും സോഹ്റയുടെ അച്ഛനുമായ അബ്ദുള്‍ ഖാദര്‍ മരിയ്ക്കുന്നത്. സംസ്‌ക്കാരത്തിനിടെ കാശ്മീര്‍ പോലീസ് അബ്ദുള്‍ ഖാദറിനെ ആദരിക്കുന്ന ചടങ്ങിനിടയിലാണ് സോഹ്റ പൊട്ടിക്കരഞ്ഞത്. ചിത്രം സോഷ്യല്‍ മീഡിയ എറ്റെടുത്തു.
സംഭവത്തില്‍ അപലപിച്ചുകൊണ്ട് സൗത്ത് കാശ്മീര്‍ ഡി.ഐ.ജി ഫേസ്ബുക്കില്‍ സോഹ്റയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിന്റെ കണ്ണുനീര്‍ ഒരുപാട് ഹൃദയങ്ങള്‍ തകര്‍ക്കുന്നു. എന്ത് കൊണ്ട് ഇങ്ങനെയൊക്കെ നടക്കുന്നു എന്നറിയാന്‍ നിനക്ക് പ്രായമായിട്ടില്ല. നിന്റെ പിതാവിന്റെ ത്യാഗം ഞങ്ങളൊരിക്കലും മറക്കില്ല. നിന്റെ ഓരോതുള്ളി കണ്ണുനീരും ഞങ്ങളുടെ ഹൃദയത്തെ ഓരോ നിമിഷവും പൊള്ളിച്ചു കൊണ്ടിരിക്കുന്നു. ഡി.ഐ.ജി പോസ്റ്റില്‍ പറയുന്നു.
അബ്ദുള്‍ ഖാദറിനെ ഉദ്ദാഹരണമാക്കി രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ഓരോരുത്തരേയും സ്തുതിക്കുന്ന ഡി.ഐ.ജി
അബ്ദുള്‍ ഖാദറിന്റെ ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കുമെന്നും ഉറപ്പ് നല്‍കുന്നു.
ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായ സോഹ്റയുടെ ചിത്രം ഒരുപാട് പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.