| Monday, 30th March 2026, 4:43 pm

മിസ്റ്ററി ഇപ്പോള്‍ ഹിസ്റ്ററിയായി മാറി; വരുണിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടിരുന്നു. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ തോല്‍വി.

മുംബൈക്കെതിരെ 221 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തിയിട്ടും കൊല്‍ക്കത്ത പരാജയപ്പെടുകയായിരുന്നു. ബൗളര്‍മാര്‍ക്ക് റണ്ണൊഴുക്ക് തടയാന്‍ സാധിക്കാത്തതാണ് ടീമിന് വിനയായത്.

മത്സരത്തില്‍ കൊല്‍ക്കത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നാല് ഓവറില്‍ താരം 48 റണ്‍സ് വഴങ്ങിയിരുന്നു. വിക്കറ്റൊന്നും നേടാനും ഇന്ത്യന്‍ ബൗളര്‍ക്ക് കഴിഞ്ഞിരുന്നില്ല. 12.00 ആയിരുന്നു താരത്തിന്റെ എക്കണോമി. ഇപ്പോള്‍ താരത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ക്രിസ് ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത്. Photo: Crictracker

വരുണിന്റെ മിസ്റ്ററി ചരിത്രമായി മാറിയെന്നും താരം ലെഗ് സ്പിന്‍ എറിയാന്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗ്ലി എറിഞ്ഞ് കൊണ്ട് ക്രിക്കറ്റില്‍ ദീര്‍ഘ കാലം പിടിച്ച് നില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

‘വരുണ്‍ ചക്രവര്‍ത്തി പന്ത് സ്പിന്‍ ചെയ്യാനും ലെഗ് സ്പിന്‍ അറിയാനും പഠിക്കണം. അല്ലെങ്കില്‍ അവന്‍ കരിയറില്‍ ബുദ്ധിമുട്ടും. ഗൂഗ്ലി എറിഞ്ഞ് മാത്രം ഒരു ബൗളര്‍ക്ക് പിടിച്ച് നില്‍ക്കുക പ്രയാസമാണ്.

ക്രിക്കറ്റില്‍ ദീര്‍ഘകാലം പിടിച്ച് നില്‍ക്കാന്‍ ബൗളിങ്ങില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. വരുണില്‍ ഇപ്പോള്‍ ഒരു മിസ്റ്ററിയും അവശേഷിക്കുന്നില്ല. അതെല്ലാം ഇപ്പോള്‍ ഹിസ്റ്ററിയായി മാറി,’ ശ്രീകാന്ത് പറഞ്ഞു.

വരുൺ ചക്രവർത്തി. Photo: Tanuj/x.com

ഐ.പി.എല്ലില്‍ കരിയറിന്റെ തുടക്കത്തിലാണ് വരുണിന് മിസ്റ്ററി സ്പിന്നര്‍ എന്ന വിളിപ്പേര് വീണത്. പഞ്ചാബ് കിങ്സിലൂടെ കരിയര്‍ ആരംഭിച്ച താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

വരുണിന്റെ വ്യത്യസ്തമായ ബൗളിങ് ശൈലി ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചിരുന്നു. താരത്തിന്റെ പന്തുകള്‍ നേരിടാന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടിയതിനൊപ്പം വിക്കറ്റ് വീഴ്ത്താനുള്ള കഴിവുമാണ് താരത്തിന് മിസ്റ്ററി സ്പിന്നര്‍ എന്ന പേര് സമ്മാനിച്ചത്.

Content Highlight: ‘Your mystery became history’; Kris Srikanth criticizes KKR’ Varun Chakravarthy’s bowing against Mumbai Indians in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more