| Tuesday, 14th April 2026, 2:01 pm

ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിനൊരുങ്ങി വൈഭവ്; സച്ചിനും ഷഫാലിക്കും റെക്കോഡ് നഷ്ടപ്പെടും!

ശ്രീരാഗ് പാറക്കല്‍

2026ലെ ഐ.പി.എല്ലിന് ശേഷം നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി യുവ താരം വൈഭവ് സൂര്യവംശി അരങ്ങേറ്റം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.

ഐ.പി.എല്ലിന് ശേഷം പ്രധാന കളിക്കാര്‍ക്ക് വിശ്രമം നല്‍കി സെലക്ടര്‍മാര്‍ ഒരു യുവ ടീമിനെ പരമ്പരയ്ക്ക് അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് താരങ്ങളെ തെരഞ്ഞെടുക്കുന്നത്.

‘അദ്ദേഹം വരാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ മത്സരരംഗത്തുണ്ട്, യുവ ബാറ്റര്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ പേരുകള്‍ സെലക്ടര്‍മാര്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്,’ ബി.സി.സി.ഐ വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

റിപ്പോര്‍ട്ട് അനുസരിച്ച്, സൂര്യവംശി ഈ വര്‍ഷം അവസാനം സിംബാബ്‌വേയ്‌ക്കെതിരെയും മത്സരിച്ചേക്കും.വൈഭവ് സൂര്യവംശി

നിലവില്‍ വൈഭവ് രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് ഐ.പി.എല്ലില്‍ കാഴ്ചവെക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 26 പന്തില്‍ നിന്ന് 78 റണ്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 17 പന്തില്‍ നിന്ന് 52 റണ്‍സും നേടി. മുംബൈ ഇന്ത്യന്‍സിനെതിരെ 14 പന്തില്‍ നിന്ന് 39 റണ്‍സ് നേടി. കഴിഞ്ഞ ദിവസം സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ താരം പൂജ്യം റണ്‍സിന് പുറത്തായെങ്കിലും 15കാരന്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 200 റണ്‍സ് നേടി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷഫാലി വര്‍മ എന്നിവരെ മറികടന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാകാന്‍ സൂര്യവംശി അര്‍ഹനാണെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലും പറഞ്ഞു.

‘2026 ഐ.പി.എല്‍ സീസണില്‍ വൈഭവ് സൂര്യവംശിയുടെ അത്ഭുതകരമായ ബാറ്റിങ് പ്രകടനമാണ് നടത്തുന്നത്. ഈ പ്രതിഭയുടെ പ്രകടനം കണക്കിലെടുക്കുമ്പോള്‍, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ടീം ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാന്‍ തീര്‍ച്ചയായും അവന് അര്‍ഹതയുണ്ട്.

ഇത്രയും കഴിവുള്ള, വളരെ പ്രായം കുറഞ്ഞ ഒരാളെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നത് വളരെ അപൂര്‍വമാണ്. ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ ഐ.പി.എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ എക്‌സില്‍ എഴുതി.

Content Highlight:  Young player Vaibhav Suryavanshi may make his debut for India in the T20 series against Ireland

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more