| Monday, 5th October 2026, 10:47 pm

കഴിവ് തെളിയിച്ചു ഇനി നേരെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക്; ജിത്തുവിനും ബേസിലിനും പിന്നാലെ ചിദംബരവും

അശ്വിന്‍ രാജേന്ദ്രന്‍

നല്ല ചിത്രങ്ങളെ എന്നും ഇരു കൈയും നീട്ടി സ്വീകരിച്ച ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. ഇന്ത്യയിലെ അന്യഭാഷാ ഇന്‍ഡസ്ട്രികളില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളെക്കാള്‍ നിലവാരമുള്ള സിനിമകളാണ് കുറഞ്ഞ ബജറ്റില്‍ മലയാളത്തില്‍ റിലീസ് ചെയ്യാറുള്ളത്. താരങ്ങളുടെ സ്റ്റാര്‍ വാല്യൂവിനെക്കാള്‍ തിരക്കഥയ്ക്ക് നല്‍കുന്ന പ്രധാന്യമാണ് ഇത്തരം ചിത്രങ്ങളുടെ വിജയം. കുമ്പളങ്ങി നൈറ്റ്‌സ്, മിന്നല്‍ മുരളി, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, തുടങ്ങി കേരളത്തിന് പുറത്ത് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളും ഒട്ടനവധിയാണ്.

Scene. Photo: District

മോളിവുഡില്‍ ചുരുക്കം ചില ചിത്രങ്ങളാണ് ചെയ്തിട്ടുള്ളതെങ്കിലും സിനിമാലോകത്ത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകരായിരുന്നു ജിത്തു മാധവന്‍, ബേസില്‍ ജോസഫ് തുടങ്ങിയവര്‍. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങള്‍ കൊണ്ട് വലിയ ആരാധക പിന്തുണ തന്നെ ബേസില്‍ ജോസഫ് എന്ന സംവിധായകന്‍ നേടിയെടുത്തിരുന്നു. മിന്നല്‍ മുരളിയ്ക്ക് ശേഷം ബേസില്‍ വലിയ ഇടവേളയായിരുന്നു സംവിധാനത്തില്‍ നിന്നും എടുത്തത്. കാത്തിരിപ്പിനൊടുവിലായിരുന്നു അല്ലു അര്‍ജുനെ നായകനാക്കി തന്റെ അടുത്ത ചിത്രം ബേസില്‍ സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത.

സമാനമായി രോമാഞ്ചം ആവേശം എന്നീ രണ്ട് ചിത്രങ്ങളിലൂടെ തന്നെ വലിയ ജനശ്രദ്ധ നേടിയ സംവിധായകനാണ് ജിത്തു മാധവന്‍. ഫഹദ് ഫാസില്‍ അഴിഞ്ഞാടിയ ആവേശത്തിന്റെ വന്‍ ഹിറ്റിന് ശേഷം തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ഒരുക്കുന്ന സീനാണ് ജിത്തുവിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ദീപാവലിയക്ക് പുറത്തിറങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം ഒട്ടാകെ.

ഇതേ പാത പിന്തുടര്‍ന്ന് മലയാളത്തിന് പുറത്ത് ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചിദംബരം. ജാന്‍.എ.മന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, ബാലന്‍ ദി ബോയ് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ച ചിദംബരം റിഷബ് ഷെട്ടിയെ നായകനാക്കിയാണ് തന്റെ അടുത്ത ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിദംബരം. Spotboye

ഇതോടെ മലയാളത്തിലെ കഴിവുറ്റ സംവിധായകര്‍ അന്യഭാഷ ചിത്രങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുമായി ഇവരെത്തുന്നത് അഭിമാനകരമായ കാര്യമാണെങ്കിലും നല്ല ഒരുപിടി സംവിധായകരെ മലയാള സിനിമയ്ക്ക് താത്കാലികമായെങ്കിലും നഷ്ടപ്പെടുമെന്ന സങ്കടത്തിലാണ് മലയാള സിനിമാ പ്രേമികള്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

Content Highlight: Young directors of Mollywood goes to other language

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more