| Wednesday, 23rd September 2026, 3:10 pm

'നിങ്ങള്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല'; യു.എന്നില്‍ സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ട്രംപ്

അഞ്ജു ചന്ദ്രന്‍

ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പന്നാലെ യു.എന്‍ ആസ്ഥാനത്ത് സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി സംസാരിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാനെത്തിയ ട്രംപിനോട് സി.എന്‍.എന്‍ ചീഫ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് കെയ്റ്റ്‌ലന്‍ കോളിന്‍സ് ചോദ്യമുന്നയിച്ചതോടെയാണ് സംഭവം.

‘നിങ്ങള്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല. എന്നെ റിപ്പോര്‍ട്ട് ചെയ്യരുത്’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

യു.എന്നിലേക്ക് പ്രവേശിക്കുന്നതിനിടെ ട്രംപിനോട് ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ചോദ്യമാണ് കോളിന്‍സ് ഉന്നയിച്ചത്.

അമേരിക്ക ഇറാനെതിരായ യുദ്ധത്തില്‍ വിജയിക്കുകയാണെന്ന് മൂന്നില്‍ രണ്ട് അമേരിക്കക്കാരും കരുതുന്നില്ലെന്ന സി.എന്‍.എന്‍ സര്‍വേ ചൂണ്ടിക്കാട്ടി യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് അവര്‍ ചോദിച്ചു.

‘സി.എന്‍.എന്‍ ഇവിടെ എന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെടുന്നു. നിങ്ങള്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല. എന്നെ റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് നിങ്ങള്‍ പറഞ്ഞിരുന്നില്ലേ?’ ട്രംപ് പറഞ്ഞു.

‘യു.എന്‍ അനുവദിച്ച മാധ്യമ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നത്,’ സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സി.എന്‍.എന്‍, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസ് പരിസരത്ത് പ്രവേശിക്കുന്നതിന് ട്രംപ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു.

പ്രസിഡന്റിനെക്കുറിച്ച് വ്യാജ വാര്‍ത്തകളും കള്ളങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം.

എന്നാല്‍ വിലക്ക് യു.എന്‍ ആസ്ഥാനത്തെ മാധ്യമപ്രവര്‍ത്തനത്തിന് ബാധകമായിരുന്നില്ല. യു.എന്നിന്റെ പ്രത്യേക മാധ്യമ അംഗീകാരമുള്ളതിനാലാണ് ഈ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജനറല്‍ അസംബ്ലി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറ്റ് ഹൗസ് വിലക്കിനെതിരെ മാധ്യമങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെ നടപടി മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നാണ് സ്ഥാപനങ്ങളുടെ വാദം. വിഷയത്തില്‍ ഫെഡറല്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

Content Highlights: ‘You shouldn’t be here’; Trump snaps at CNN journalists at the UN.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more