ന്യൂദല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പിന് മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളുടെ ഭാവി തകര്‍ത്തത് നിങ്ങളാണെന്ന് മോദിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണമായ തകര്‍ച്ചയ്ക്കും നാശത്തിനും മോദി അനുവദിച്ചുവെന്നും പ്രോത്സാഹനം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
‘വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വളരെ വ്യക്തമാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, കുട്ടികളോട് മാപ്പ് പറയുക, വിദ്യാര്‍ത്ഥികളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക,’ രാഹുല്‍ ഗാന്ധി കുറിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞ് ആദ്യമായി പ്രതികരിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിക്കും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണയെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
അതേസമയം ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയുടെ സമരം ഇന്നും ശക്തമാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് സി.ജെ.പി അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷം സഭയിലും ഇതേ ആവശ്യം ആവര്‍ത്തിച്ചിരുന്നു.
Content Highlight: You ruined the education system and destroyed students’ futures: Rahul Gandhi hits back at Modi.