| Friday, 21st December 2018, 11:27 am

ബുലന്ത്ശഹറില്‍ രണ്ട് മനുഷ്യര്‍ മരിച്ചതാണ് നിങ്ങള്‍ക്ക് വലിയ കാര്യം; 21 പശുക്കള്‍ ചത്തത് വിഷയമാവില്ല; വിവാദ പ്രസ്താവനയുമായി യു.പിയിലെ ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബുലന്ദ്ശഹര്‍ കലാപത്തില്‍ വിവാദ പ്രസ്താവനയുമായി യു.പി എം.എല്‍.എ സഞ്ജയ് ശര്‍മ. ബുലന്ദ്ശഹറില്‍ രണ്ട് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതുമാത്രമേ പലരും കണ്ടുകാണുമെന്നും 21 പശുക്കള്‍ ചത്തത് ആരും ശ്രദ്ധിച്ചു കാണില്ലെന്നുമായിരുന്നു എം.എല്‍.എയുടെ പ്രസ്താവന.

“”ബുലന്ദ്ശഹറില്‍ നിങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും സുമിത് എന്നയാളും മാത്രം മരിച്ചതേ കണ്ടു കാണൂ. അവിടെ 21 പശുക്കള്‍ക്ക് ജീവന്‍ നഷ്ടമായത് നിങ്ങള്‍ക്ക് വിഷയമായിരിക്കില്ല. പശുവിനെ കൊല്ലുന്നവര്‍ ആരാണോ അവര്‍ മാത്രമാണ് കുറ്റക്കാര്‍. ഞങ്ങളുടെ ഗോമാതാവിനെ കൊന്നവര്‍ക്കെതിരായാണ് ജനക്കൂട്ടം രംഗത്തെത്തിയത്””- എന്നായിരുന്നു അനുപ്ഷഹര്‍ മണ്ഡലത്തിലെ എം.എല്‍.എയായ സഞ്ജയ് ശര്‍മയുടെ വാക്കുകള്‍.

കലാപമുണ്ടായതിന് പിന്നാലെ പശുവിനെ കൊന്നവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.


Dont Miss ബൂത്ത് ലെവല്‍ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുമ്പില്‍ പതറി മോദി; ഒടുക്കം യാത്ര പറഞ്ഞ് തടിയൂരി; ലൈവ് വീഡിയോ പോസ്റ്റു ചെയ്തത് ബി.ജെ.പിക്കു തന്നെ അടിയായി


പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിനെ കുറിച്ചോ കൊല്ലപ്പെട്ട നാട്ടുകാരനെ കുറിച്ചോ ഒരക്ഷകരം പോലും പറയാതെയായിരുന്നു യോഗി പശുവിനെ അറുത്തവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെ ബുലന്ദ്ശഹറിലേത് വെറും ആക്‌സിഡന്റ് മാത്രമാണെന്നും ആള്‍ക്കൂട്ട ആക്രമണമല്ലെന്നും പറഞ്ഞ് കലാപത്തെ ന്യായീകരിക്കാനും മുഖ്യമന്ത്രി ശ്രമിച്ചിരുന്നു.

ബുലന്ദ്ശഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് മുതിര്‍ന്ന സിവില്‍ സര്‍വന്റുമാരുടെ തുറന്ന കത്ത് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.

അക്രമത്തിന് പ്രേരണ നല്‍കുക വഴി സംസ്ഥാനത്തെ ജനാധിപത്യ മൂല്യങ്ങള്‍ പൂര്‍ണമായി തകര്‍ക്കപ്പെട്ടു കഴിഞ്ഞെന്ന് കത്തില്‍ ഇവര്‍ പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങളും ഭരണഘടനാ ധാര്‍മ്മികതയും ലംഘിക്കപ്പെട്ടെന്നും കത്തില്‍ ഇവര്‍ പറഞ്ഞിരുന്നു.

റിട്ടയേര്‍ഡ് സിവില്‍ സെര്‍വെന്റുമാരായ എസ്.പി അംബ്രോസ് (ഷിപ്പിങ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് മുന്‍ അഡീഷണല്‍ സെക്രട്ടറി), ജെ.എല്‍. ബജാജ് (അഡ്മിനിസ്ട്രേറ്റീവ് റിഫോര്‍മ്സ് ആന്‍ഡ് ഡീ സെന്‍ട്രലൈസേഷന്‍ മുന്‍ ചെയര്‍മാന്‍), മീരന്‍ സി ബോര്‍വന്‍കര്‍( ബ്യൂറോ ഓഫ് പൊലീസ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് മുന്‍ ഡി.ജി.പി), നിതിന്‍ ദേശായി( ധനകാര്യമന്ത്രാലയം, മുന്‍ സെക്രട്ടറിയും ചീഫ് എകണോമിക് അഡൈ്വസര്‍). കേശവ് ദേശിരാജു, (മുന്‍ ആരോഗ്യ സെക്രട്ടറി) നജീബ് ജംഗ് (ദല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍) ശിവശങ്കര്‍ മേനോന്‍ (മുന്‍വിദേശകാര്യ സെക്രട്ടറിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) എന്നിവരാണ് കത്ത് അയച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഒരു മുഖ്യ പുരോഹിതനായാണ് അവിടെ പ്രവര്‍ത്തിക്കുന്നതെന്നും മതഭ്രാന്താണ് ജനങ്ങളില്‍ നിറയ്ക്കുന്നതെന്നും മറ്റെന്തിനേക്കാള്‍ പ്രാധാന്യം അതിന് നല്‍കുന്നെന്നും ഇവര്‍ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഭരണഘടനാ മൂല്യങ്ങളുടെ പൂര്‍ണമായ തകര്‍ച്ചയാണ് ബുലന്ദ്ശഹറില്‍ നടന്നതെന്നും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ വേണ്ടി മനഃപൂര്‍വ്വമായി സൃഷ്ടിക്കപ്പെട്ട ആദ്യ കലാപമല്ല ഇതെന്നും കത്തില്‍ ഇവര്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more