| Tuesday, 14th July 2026, 10:45 am

ഞങ്ങള്‍ക്ക് പണം തരണം; ഹോര്‍മുസില്‍ സംരക്ഷണം നല്‍കിയതിന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് പണം നല്‍കണമെന്ന് ട്രംപ്

നിഷാന. വി.വി

വാഷിങ്ടണ്‍: തുടര്‍ച്ചയായ ഇറാന്‍ ആക്രമണങ്ങള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ പ്രവര്‍ത്തിച്ചതിന് അറബ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് പണം നല്‍കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നത് അമേരിക്കയ്ക്ക് വലിയൊരു ബാധ്യതയാണെന്നും അതിനാല്‍ ഈ സേവനത്തിന് സമ്പന്നരായ ഗള്‍ഫ് രാജ്യങ്ങള്‍ പണം നല്‍കണമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവന.

‘ലോകത്തിലെ വളരെ സമ്പന്നരായ ഒരു വിഭാഗത്തെ സംരക്ഷിക്കുന്നതിന് അവര്‍ ഇങ്ങോട്ട് പണം തരണം. ഞങ്ങളാണ് പണം ചിലവഴിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് വലിയൊരു ബാധ്യതയാണ്. ഈ സംരക്ഷണത്തിന് ഞങ്ങള്‍ പണം തിരികെ വാങ്ങും,’ ട്രംപ് പറഞ്ഞു.

സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളെയും ഇസ്രഈലിനെയും അമേരിക്ക സംരക്ഷിക്കുന്നുണ്ടെന്നും ഇത് വളരെ ഫലപ്രദമായി തന്നെ നടക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനുമായുള്ള സംഘര്‍ഷം എത്ര കാലം നീണ്ടുനില്‍ക്കുമെന്ന ചോദ്യത്തിന് യു.എസ് ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്നും എന്നാല്‍ ഈ സംഘര്‍ഷം വേഗത്തില്‍ അവസാനിക്കുമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

എന്നാല്‍ തങ്ങളുമായി കൂടിയാലോചിക്കാതെയാണ് അമേരിക്ക ഇറാനെതിരെ യുദ്ധം തുടങ്ങിയതെന്നും ഇതിന്റെ ഭാഗമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടക്കുകയോ തിരിച്ചടി നടത്തുകയോ ചെയ്യുമ്പോള്‍ അനുഭവിക്കുന്നത് തങ്ങളാണെന്നും ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ സ്വകാര്യമായി കുറ്റപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Content Highlight: “You must pay us; Trump says Gulf nations should pay the US for providing protection in Hormuz.”

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more