ന്യൂദല്‍ഹി: ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് പിയേഴ്സ് മോര്‍ഗന്റെ ടോക്ക് ഷോയില്‍ ചൂടേറിയ സംവാദത്തിനിടെ ബി.ജെ.പി വക്താവ് ഷാസിയ ഇല്‍മിയെ പരിഹസിച്ച് സി.ജെ.പി വക്താവ് സൗരവ് ദാസ്. മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കാന്‍ അര്‍ണബ് ഗോസ്വാമി ഷോ അല്ല എന്നാണ് പറയുന്നത് മുഴുമിപ്പിക്കാന്‍ അനുവദിക്കാത്ത ഷാസിയ ഇല്മിയോട് സൗരവ് ദാസ് പറഞ്ഞത്.
കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിനെ ബ്രിട്ടീഷ് സര്‍വകലാശാലകളിലെ പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കാനായി യു.കെയിലേക്ക് പോകുന്നതില്‍ നിന്ന് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
സൗരവ് ദാസിന്റെ പൗരത്വത്തെക്കുറിച്ചും അദ്ദേഹത്തിനെതിരെ സ്വീകരിച്ച നടപടിയുടെ കാരണങ്ങളെക്കുറിച്ചും മോര്ഗന്, ഇല്മിയോട് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ വാദപ്രതിവാദം രൂക്ഷമായതോടെ ചോദ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ സമ്മതിക്കണമെന്ന് പിയേഴ്സ് മോര്ഗന് ഇല്മിയോട് ആവശ്യപ്പെട്ടിരുന്നു.
സൗരവ് ദാസ് ഇന്ത്യന്‍ പൗരനാണോ എന്ന ചോദ്യത്തിന് അദ്ദേഹം ഇന്ത്യക്കാരനാണെന്നും യുവാക്കളുടെ ആക്ഷേപ ഹാസ്യ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതാവുമാണെന്നുമായിരുന്നു ഇല്‍മിയുടെ മറുപടി.
ഇന്ത്യന്‍ പൗരനാണെങ്കില്‍ പിന്നെ എന്തിനാണ് ദാസ് അന്വേഷണ നടപടികള്‍ നേരിടുന്നതെന്ന് മോര്ഗന് ചോദിച്ചു. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം പറയാതെ താന്‍ ഉത്തരം പറയാന്‍ ആഗ്രഹിക്കുന്ന ചോദ്യം അതല്ല എന്ന് ഇല്‍മി പറഞ്ഞു.
തന്റെ ചോദ്യം അതാണെന്ന് പറഞ്ഞ മോര്‍ഗനെതിരെ ഇല്‍മി തുടര്‍ച്ചയായി വാദങ്ങള്‍ ഉന്നയിക്കുകയും ഇടയ്ക്ക് കയറി സംസാരിക്കുകയും ചെയ്തതോടെ മോര്ഗന് അസ്വസ്ഥനായി. ഇല്മിയോട് സംയമനം പാലിക്കാനും തന്റെ പരിപാടിയില്‍ ചോദ്യം പൂര്‍ത്തിയാക്കാന്‍ തന്നെ അനുവദിക്കണമെന്നുമാണ് മോര്ഗന് പ്രതികരിച്ചത്.
ഇതിന് പിന്നാലെയാണ് മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കണമെന്നും അത് അര്‍ണബ് ഗോസ്വാമി ഷോയിലെ സംവാദമല്ലെന്നും സൗരവ് ദാസ് പറഞ്ഞത്.
ചര്‍ച്ചയില്‍ ഇത് തന്റെ ആദ്യ വിദേശയാത്ര അല്ലെന്നും നോര്‍വെയിലേക്കും തായ്ലന്‍ഡിലേക്കും ഇതിന് മുമ്പ് യാത്ര നടത്തിയിട്ടുണ്ടെന്നും സൗരവ് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് അന്ന് തടയാതെ എന്തുകൊണ്ടാണ് ഇപ്പോള്‍ സൗരവ് ദാസിനെ തടഞ്ഞതെന്ന് മോര്ഗന് ഇല്മിയോട് ചോദിച്ചു.
മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസിലേക്ക് നയിച്ച ഹരജി അതിന് ശേഷമാണ് വന്നതെന്നും ഒക്ടോബര്‍ 30നും നവംബര്‍ 23നുമാണ് നടപടികള്‍ ഉണ്ടായതെന്നും ഇല്‍മി മറുപടി പറഞ്ഞു.
ഈ ആഴ്ച ബ്രിട്ടനിലേക്കുള്ള യാത്രയുടെ കാര്യത്തില്‍ മാത്രമാണ് ഈ നടപടി ഉണ്ടായതെന്നും തായ്ലന്‍ഡിലേക്കും നോര്വേയിലേക്കുമുള്ള സമീപകാല യാത്രകളില്‍ ഇത്തരമൊരു നടപടി ഉണ്ടായില്ലെന്നും മോര്ഗന് പറഞ്ഞു.
കോക്ക്രോച്ച് മൂവ്മെന്റിന്റെ പ്രമുഖ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ പൊതുപ്രശസ്തി വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നതാണ് അതിന് പിന്നിലെ കാരണമെന്ന് വ്യക്തമാണെന്നും മോര്ഗന് കൂട്ടിച്ചേര്‍ത്തു.
ഓക്സ്ഫഡ് യൂണിയന്, കേംബ്രിജ് യൂണിയന്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ പ്രമുഖ വേദികളില്‍ അദ്ദേഹം സംസാരിക്കാന്‍ ബ്രിട്ടനിലെത്തുന്നത് സര്‍ക്കാരിന് ഇഷ്ടമല്ലെന്നും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുമെന്നതിനാല്‍ കോക്ക്രോച്ച് മൂവ്മെന്റിന്റെ ആശയങ്ങള്‍ അദ്ദേഹം ഇവിടെ പ്രചരിപ്പിക്കുന്നത് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മോര്ഗന് പറഞ്ഞു.
Content Highlight: “You must allow others to speak; this isn’t an Arnab Goswami show,” says Sourav Das to a BJP spokesperson on a British show.