ബെംഗളൂരു: തമിഴിൽ നിന്നാണ് കന്നഡ ഉണ്ടായതെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. കമൽ ഹാസന്റെ പരാമർശം കന്നഡക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും സ്ഥിതിഗതികൾ ശാന്തമാക്കാൻ താരം ക്ഷമാപണം നടത്തണമെന്നും സിംഗിൾ ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.
ഭാഷ വിവാദത്തിന് പിന്നാലെ തന്റെ പുതിയ ചിത്രം തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ നിയമനടപടിയുമായി കമൽ ഹാസൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിലാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഒരു പൗരന്റെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ആർക്കും അവകാശമില്ലെന്ന് കോടതി പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നടത്താൻ കമൽ ഹാസൻ ഒരു ചരിത്രകാരനാണോ അതോ ഭാഷാശാസ്ത്രജ്ഞനാണോ എന്നും കോടതി ചോദിച്ചു.
1950ൽ സി. രാജഗോപാലാചാരി സമാനമായ ഒരു പ്രസ്താവന നടത്തിയെങ്കിലും അതിന് ക്ഷമാപണം നടത്തിയെന്നും കമൽ ഹാസന് എന്തുകൊണ്ട് മാപ്പ് പറയാൻ കഴിയില്ല എന്നും ജസ്റ്റിസ് എം നാഗപ്രസന്ന ചോദിച്ചു.
‘ഭാഷ എന്നത് ഒരു പ്രത്യേക ജനതയുമായി ബന്ധപ്പെട്ട ഒരു വികാരമാണ്. അതിനെതിരെ കമൽ ഹാസൻ വിവാദപരമായ പ്രസ്താവന നടത്തിയിരിക്കുന്നു. മറ്റൊരു ജനവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ നിങ്ങൾക്ക് അവകാശമില്ല. ഈ രാജ്യത്ത്, ജലം, ഭൂമി, ഭാഷ എന്നിവ ജനങ്ങൾക്ക് പ്രിയപ്പെട്ടതാണ്. അവരുടെ വികാരം വ്രണപ്പെടുത്താൻ ആർക്കും അവകാശമില്ല.
ഒരു ഭാഷയും മറ്റൊന്നിൽ നിന്ന് ജനിക്കില്ല. കർണാടകയിലെ ജനങ്ങൾ കമൽ ഹാസനോട് മാപ്പ് പറയാൻ മാത്രമാണ് ആവശ്യപ്പെട്ടത്. അതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചത് കമൽ ഹാസനാണ്. കർണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ നിങ്ങൾ ആക്രമിച്ചു. അത് എന്തിന്റെ അടിസ്ഥാനത്തിലാണ്? നിങ്ങൾ ഒരു ചരിത്രകാരനാണോ അതോ ഭാഷാശാസ്ത്രജ്ഞനാണോ?,’ കോടതി ചോദിച്ചു.
കാല എന്ന സിനിമയുടെ റിലീസിനിടെ കാവേരി നദിയുമായി ബന്ധപ്പെട്ട തന്റെ പരാമർശത്തിന് സൂപ്പർ സ്റ്റാർ രജനികാന്ത് ക്ഷമാപണം നടത്തിയിരുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ചെന്നൈയിൽ നടന്ന ഒരു പ്രമോഷണൽ പരിപാടിയിൽ കമൽ ഹാസൻ തമിഴിൽ നിന്നാണ് കന്നഡ പിറന്നത് എന്ന വിവാദ പ്രസ്താവന നടത്തിയിരുന്നു.
തുടർന്ന്, കന്നഡ, തുളു, കൊടവ സംസ്കാരത്തോടൊപ്പം കർണാടകയിലെ ചലച്ചിത്ര വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമ്മാതാക്കൾ, ചലച്ചിത്ര വിതരണക്കാർ, ചലച്ചിത്ര പ്രദർശകർ എന്നിവരെ പ്രതിനിധീകരിക്കുന്ന ഒരു സൊസൈറ്റിയായ കെ.എഫ്.സി.സി, കമൽ ഹാസൻ തന്റെ പരാമർശത്തിന് ക്ഷമാപണം നടത്തിയില്ലെങ്കിൽ ചിത്രം കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. പിന്നാലെ, ചിത്രത്തിന്റെ സഹനിര്‍മാതാവായ കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlight: You have undermined sentiments of Kannidagas: Karnataka High Court slams Kamal Haasan