| Thursday, 22nd October 2026, 4:05 pm

'റൊമ്പ അഴകാ ആടിയിരിക്ക്'; എന്റെ ഡാന്‍സ് കണ്ട് രജനിസാര്‍ കയ്യടിച്ചു, കൈപിടിച്ച് മുന്നോട്ടുകൊണ്ടുവന്നു: ഷംന കാസിം

ആര്യ

രജനികാന്ത് നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം ‘ജയിലര്‍ 2’വിലെ ‘അലാ ബോലെലോ’ എന്ന ഗാനത്തിലെ ഷംന കാസിമിന്റെ പ്രകടനം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ശ്രദ്ധ നേടിയിരുന്നു. പരമ്പരാഗത കേരള സാരിയുടുത്ത് അതിവേഗ കൊറിയോഗ്രാഫിക്കൊപ്പം രജനികാന്തിനൊപ്പം ചുവടുവെക്കുന്ന ഷംനയുടെ പ്രകടനം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയാതെയാണ് ആറുദിവസം നീണ്ടുനിന്ന ഗാനചിത്രീകരണത്തില്‍ പങ്കെടുത്തതെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കുമുമ്പ് രജനികാന്തിനൊപ്പം വേദി പങ്കിട്ടതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷംന. മലേഷ്യയില്‍ നടന്ന ഒരു പരിപാടിയില്‍ തന്റെ നൃത്തം കണ്ട് രജനികാന്ത് കൈയടിച്ചതും പിന്നീട് തന്നെ തിരിച്ചുവിളിച്ച് അഭിനന്ദിച്ചതുമെല്ലാം ഇന്നും മറക്കാനാകാത്ത അനുഭവമാണെന്ന് താരം പറയുന്നു.

നടികര്‍ സംഘം ഷോയുടെ ഭാഗമായി മലേഷ്യയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അന്ന് ബോയ് കട്ടിലായിരുന്ന ഷംനയ്ക്ക് പരിപാടിയുടെ തലേദിവസം നടന്ന ലോഞ്ച് ഇവന്റില്‍ ആദ്യമായി പെര്‍ഫോം ചെയ്യാനുള്ള അവസരമായിരുന്നു ലഭിച്ചത്. തന്റെ നൃത്തം കണ്ട രജനികാന്ത് കൈയടിച്ച കാര്യം പിന്നീട് കൊറിയോഗ്രാഫര്‍ ദിനേഷ് മാസ്റ്ററാണ് ഷംനയോട് പറഞ്ഞത്.

‘നടികര്‍ സംഘം ഷോ മലേഷ്യയില്‍ വെച്ച് നടക്കുകയാണ്. അന്ന് ഞാന്‍ ബോയ് കട്ടിലായിരുന്നു. ഫങ്ഷന്‍ അടുത്ത ദിവസമാണ്. തലേദിവസം ഒരു ഇവന്റ് ഉണ്ടായിരുന്നു. ലോഞ്ച് ഡേ ആയിരുന്നു. വളരെ കുറച്ച് പെര്‍ഫോമന്‍സേ അന്നുള്ളൂ. അന്നത്തെ ആദ്യത്തെ പെര്‍ഫോമന്‍സ് എന്റേതായിരുന്നു. ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല, അന്ന് രജിനി സാര്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്റെ ഡാന്‍സ് കണ്ടിട്ട് ഭയങ്കരമായി കൈയടിച്ചെന്ന് കൊറിയോഗ്രാഫര്‍ ദിനേഷ് മാസ്റ്റര്‍ പറഞ്ഞിരുന്നു.

പിറ്റേ ദിവസം രജിനി സാറും കമല്‍ സാറുമൊക്കെ ഞങ്ങളെ പാസ് ചെയ്ത് പോവുകയാണ്. ഞങ്ങള്‍ ലൈനില്‍ നില്‍ക്കുകയാണ്. പുള്ളിക്കാരന്‍ പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ എന്റെ അടുത്ത് എത്തിയപ്പോള്‍ പോയ ആള്‍ തിരിച്ചുവന്നിട്ട് എന്നെ നോക്കിയിട്ട്, ‘നീങ്കതാനേ നേറ്റ്‌റു പെര്‍ഫോം പണ്ണീങ്ക? (നിങ്ങളല്ലേ ഇന്നലെ പെര്‍ഫോം ചെയ്തത് ) എന്ന് ചോദിച്ചു.

ഞാന്‍ അല്‍പ്പം പിറകിലായിരുന്നു. അതെ എന്ന് പറഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ എന്റെ കൈ പിടിച്ച് മുന്നോട്ടുകൊണ്ടുവന്നിട്ട് ‘റൊമ്പ അഴകാ ആടിയിരിക്ക്” എന്ന് പറഞ്ഞു. അതെനിക്ക് ലൈഫില്‍ മറക്കാന്‍ പറ്റില്ല,’ ഷംന കാസിം പറഞ്ഞു.

അന്ന് ലഭിച്ച അഭിനന്ദനം മാത്രമല്ല, പിന്നീട് വിമാനത്തില്‍ വെച്ചുണ്ടായ മറ്റൊരു അനുഭവവും ഷംന പങ്കുവെച്ചു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ രജനികാന്തിനെ വീണ്ടും കണ്ടതും അദ്ദേഹം തന്നെ ഭാര്യയ്ക്ക് പരിചയപ്പെടുത്തിയതും മറക്കാനാവില്ലെന്ന് താരം പറഞ്ഞു.

‘തിരിച്ചുവരുമ്പോള്‍ നമ്മള്‍ എല്ലാവരും ഒരു ഫ്‌ലൈറ്റിലാണ്. അവിടെ എന്നെ കണ്ടപ്പോള്‍ അടുത്തേക്ക് വിളിച്ചിട്ട് അന്ന് ഡാന്‍സ് കളിച്ച കുട്ടിയാണെന്ന് പറഞ്ഞ് വൈഫിന് പരിചയപ്പെടുത്തി. അന്നെടുത്ത ഫോട്ടോയൊക്കെ എന്റെ കൈയില്‍ ഉണ്ട്. എനിക്ക് ഇപ്പോള്‍ ഭയങ്കര സന്തോഷമാണ്.

ഞങ്ങളുടെ മലയാളികളുടെ സ്വന്തം ഷംന കാസിം എന്ന് എല്ലാവരും പറയുന്നത് കേള്‍ക്കുമ്പോള്‍ അത് തരുന്ന സന്തോഷം എത്രയാണെന്ന് എനിക്കറിയില്ല,’ ഷംന കൂട്ടിച്ചേര്‍ത്തു.

You Danced So Beautifully’ Rajinikanth Applauded My Dance and Held My Hand to Bring Me Forward: Shamna Kasim

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more