| Tuesday, 2nd June 2026, 10:15 am

നിനക്ക് മുഴുത്ത വട്ടാണ്, ലോകം മുഴുവന്‍ നിന്നെ വെറുക്കുന്നു'; ഞാനില്ലെങ്കില്‍ ജയിലില്‍ കിടന്നേനെ; നെതന്യാഹുവിനോട് ക്ഷോഭിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന തുടര്‍ച്ചയായ സൈനിക നടപടികളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ട്രംപ് അസാധാരണമാംവിധം ക്ഷുഭിതനായതായും കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷം നടത്തിയതായും അന്താരാഷ്ട്ര മാധ്യമമായ ‘ആക്‌സിയോസ്’ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലെബനനിലെ ഇസ്രഈല്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, അമേരിക്കയുമായി നടത്തുന്ന എല്ലാത്തരം സമാധാന ചര്‍ച്ചകളില്‍ നിന്നും പിന്മാറുകയാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ ഈ ഫോണ്‍വിളി.

ലെബനനില്‍ ഹിസ്ബുല്ലയ്ക്കെതിരെയെന്ന പേരില്‍ സാധാരണക്കാരുടെ ജീവനെടുക്കുന്ന ഇസ്രഈല്‍ നടപടിയില്‍ ട്രംപ് കടുത്ത അതൃപ്തിയും നിരാശയും പ്രകടിപ്പിച്ചു.

സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹുവിന് വീഴ്ചപറ്റിയെന്ന് ആരോപിച്ച ട്രംപ്, ഇസ്രഈലിന്റെ നിലപാടുകള്‍ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് കടുത്ത മങ്ങലേല്‍പ്പിക്കുന്നുവെന്നും മുന്നറിയിപ്പ് നല്‍കി.

നെതന്യാഹു തികഞ്ഞ നന്ദികേടാണ് കാണിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തിയതായി ഉന്നത യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നെതന്യാഹുവിന്റെ രാഷ്ട്രീയ നിലനില്‍പ്പ് തന്നെ യു.എസിന്റെ പിന്തുണയോടെയാണെന്നും ട്രംപ് പറഞ്ഞു.

‘നിനക്ക് മുഴുത്ത വട്ടാണ്. ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ നീ ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടവനായിരുന്നു. ഞാന്‍ നിന്റെ ജീവന്‍ രക്ഷിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും നിന്നെ വെറുക്കുന്നു. നീ കാരണം ലോകം മുഴുവന്‍ ഇസ്രഈലിനെയും വെറുക്കുകയാണ്. എന്ത് വൃത്തികേടാണ് ഈ കാട്ടിക്കൂട്ടുന്നത് എന്ന് നിനക്ക് വല്ല ബോധവുമുണ്ടോ?’ ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബെയ്‌റൂട്ടിനെ ആക്രമിക്കുമെന്ന ഇസ്രഈലിന്റെ തുടര്‍ച്ചയായ ഭീഷണികളും ലെബനനിലെ സൈനിക നടപടികളും അന്താരാഷ്ട്ര തലത്തില്‍ ഇസ്രഈലിനെ പൂര്‍ണ്ണമായി ഒറ്റപ്പെടുത്തുമെന്നും ഇനി സഹായിക്കാന്‍ യു.എസ് വരില്ലെന്നും ട്രംപ് കടുത്ത ഭാഷയില്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി.

രൂക്ഷമായ തര്‍ക്കങ്ങളോടെ കുറച്ചു സമയം നീണ്ടുനിന്ന ഈ ഫോണ്‍വിളിക്ക് പിന്നാലെ ഇസ്രഈലിന്റെ ഭാഗത്തുനിന്ന് നിര്‍ണായകമായ നിലപാട് മാറ്റമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്രഈലിന്റെ ഈ നിലപാട് മാറ്റം പിന്നീട് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴി സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ വിശദീകരണവുമായി നെതന്യാഹുവും രംഗത്തെത്തി.

യു.എസ് പ്രസിഡന്റുമായി താന്‍ സംസാരിച്ച കാര്യം സ്ഥിരീകരിച്ച നെതന്യാഹു, ബെയ്‌റൂട്ടില്‍ നിന്ന് ഇസ്രഈലിന് നേരെ ആക്രമണം ഉണ്ടാകാത്തപക്ഷം അങ്ങോട്ട് തിരിച്ചു ആക്രമിക്കില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും തെക്കന്‍ ലെബനനില്‍ ഹിസ്ബുല്ലയ്ക്കെതിരായ സൈനിക നടപടികള്‍ തുടരുമെന്നും നെതന്യാഹു പറഞ്ഞു.

Content Highlight: You’d be in prison if not for me: Trump blasts Netanyahu over Lebanon escalation

We use cookies to give you the best possible experience. Learn more