ടെഹ്റാന്‍: ലെബനനെതിരെ ഇസ്രഈല്‍ ആക്രമണം തുടരവേ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ടുമുള്ള അമേരിക്കയുടെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍.
ബുധനാഴ്ച ലെബനനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 250-ലധികം പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇറാനിയന്‍ വിദേശകാര്യ ഉപമന്ത്രി സയീദ് ഖതിബ്സാദെ യു.എസിനെതിരെ രംഗത്തെത്തിയത്.
‘നിങ്ങള്‍ക്ക് ഒരേസമയം ഒരു കേക്ക് കഴിക്കാനും അത് കൈവശം വെക്കാനും കഴിയില്ല എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് അദ്ദേഹം അമേരിക്കയുടെ നിലപാടിനെ പരിഹസിച്ചത്.
ബി.ബി.സിയുടെ ‘ടുഡേ പ്രോഗ്രാമിന്’ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ഓവല്‍ ഓഫീസിലേക്ക് ഇറാന്‍ അയച്ച സന്ദേശത്തെക്കുറിച്ച് ഖതിബ്സാദെ വിശദീകരിച്ചു.
ഒരു വശത്ത് വെടിനിര്‍ത്തലിനായി വാദിക്കുകയും മറുവശത്ത് സഖ്യകക്ഷിയായ ഇസ്രഈലിന്റെ കൂട്ടക്കൊലകള്‍ക്ക് അനുവാദം നല്‍കുകയും ചെയ്യുന്ന അമേരിക്കന്‍ രീതി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരു വെടിനിര്‍ത്തല്‍ ആവശ്യപ്പെടുകയും അതിന്റെ നിബന്ധനകള്‍ അംഗീകരിക്കുകയും ചെയ്ത ശേഷം, നിങ്ങളുടെ സഖ്യകക്ഷി ഒരു കൂട്ടക്കൊല ആരംഭിക്കുന്നത് അനുവദിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. യുദ്ധമോ സമാധാനമോ എന്നതില്‍ അമേരിക്ക ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണം. രണ്ടും ഒരേസമയം സാധ്യമല്ല,’ മന്ത്രി വ്യക്തമാക്കി.
ലെബനനില്‍ ഇസ്രഈല്‍ നടത്തുന്നത് ‘വംശഹത്യ’യാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സമാധാന ചര്‍ച്ചകളില്‍ ഇറാന്‍ ഇപ്പോഴും താല്പര്യം കാണിക്കുന്നുണ്ടെങ്കിലും ഇസ്രഈല്‍ ആക്രമണം തുടരുന്നത് ചര്‍ച്ചകളെ ബാധിക്കുമെന്ന സൂചനയും നല്‍കി.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുമെന്നും എന്നാല്‍ അതിന് മുന്‍പ് ഇസ്രഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക മുന്‍കൈ എടുക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
ലെബനനില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, വെടിനിര്‍ത്തല്‍ കരാര്‍ ലെബനനും ബാധകമാണെങ്കില്‍ അത് അംഗീകരിക്കാന്‍ ഇറാനും സഖ്യകക്ഷികളും തയ്യാറാണെന്ന് ഖതിബ്സാദെ മറുപടി നല്‍കി.
അതേസമയം യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിന്റെ പരിധിയില്‍ ലെബനനെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി വിവിധ ലോകരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാറില്‍ ലെബനനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെ ഖനനവും ഡ്രോണ്‍ ആക്രമണങ്ങളും ഇറാന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ഉടമ്പടി ലെബനനിലും ബാധകമാക്കണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ആവശ്യപ്പെട്ടിട്ടുണ്ട്.
ലെബനനിലെ കൂട്ടക്കൊലകള്‍ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ അമേരിക്കയുടെ പ്രതികരണം ഈ മേഖലയിലെ സമാധാനത്തിന് നിര്‍ണ്ണായകമാകും.
Content Highlight: You cannot have a cake and eat it at the same time, Iranian minister tells US