| Thursday, 13th August 2026, 12:34 pm

എന്നെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യരുതെന്ന് വേണമെങ്കില്‍ കത്തെഴുതാം;നിങ്ങള്‍ പരാതി പറഞ്ഞോ സര്‍ക്കാര്‍ കൂടെയുണ്ടാവും: മെറ്റയുടെ നടപടിയില്‍ വി.ഡി സതീശന്‍

നിഷാന. വി.വി

തിരുവനന്തപുരം: മെറ്റയെ ഉപയോഗിച്ച് തനിക്കെതിരായ വാര്‍ത്തകള്‍ നീക്കം ചെയ്തുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് വാര്‍ത്ത നീക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും മെറ്റ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

മെറ്റയുമായി താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ പരാതി നല്‍കണമെന്നും സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിമാചല്‍ -തെലങ്കാന മുഖ്യമന്ത്രിമാരും പോസ്റ്റും ഇത്തരത്തില്‍ നീക്കം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘വാര്‍ത്തകളൊക്കെ കണ്ടിട്ട് ഞാനൊരു വലിയ സംഭവമാണെന്ന് തോന്നുന്നു. ഞാന്‍ എഴുതി കൊടുക്കുമ്പോഴേക്കും മെറ്റ വാര്‍ത്ത നീക്കം ചെയ്യുന്നു. നിങ്ങളൊക്കെ ഇതൊക്കെ വാര്‍ത്തയാക്കി കൊടുക്കുന്നുണ്ടല്ലോ,’ അദ്ദേഹം പരിഹസിച്ചു.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വാര്‍ത്തകളും ഇതുപോലെ നീക്കം ചെയ്തിട്ടുണ്ടെന്നും മെറ്റയുടെ എന്തെങ്കിലും പോളിസിയുടെ ഭാഗമാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മെറ്റ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. ഞാനോ എന്റെ ഓഫീസോ പറഞ്ഞാല്‍ നിങ്ങള്‍ കൊടുക്കുന്ന വാര്‍ത്ത മെറ്റ റിമൂവ് ചെയ്യുമോ? ആ സ്വാധീനം എനിക്കുണ്ടോ,’ വി.ഡി സതീശന്‍ ചോദിച്ചു. മത്സ്യ തൊഴിലാളി മേഖലയിലുണ്ടായ വിഷയത്തില്‍ താന്‍ ഇടപെട്ടതിനെ അഭിനന്ദിച്ച് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് നടത്തിയ പ്രസംഗവും മെറ്റ റിമൂവ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിഷയത്തില്‍ നിങ്ങള്‍ പരാതി നല്‍കണം. സര്‍ക്കാര്‍ കൂടെ നില്‍ക്കും. എന്നെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ റിമൂവ് ചെയ്യരുതെന്ന് വേണമെങ്കില്‍ കത്തെഴുതാം,’ മുഖ്യമന്ത്രി പറഞ്ഞു. പിന്‍വലിച്ച കാര്‍ഡുകള്‍ പുനസ്ഥാപിക്കാന്‍ താന്‍ മെറ്റയോട് കത്തെഴുതി ആവശ്യപ്പെടാമെന്നും തന്റെ ഓഫീസിലെ ഒരാളും മെറ്റയുമായി സംസാരിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകള്‍ മെറ്റ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് കൈരളി ടി.വിയുടെ പത്ത് കാര്‍ഡുകളാണ് മെറ്റ നീക്കം ചെയ്തതെന്ന് ചാനല്‍ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എട്ട് കാര്‍ഡുകള്‍ നീക്കിയതായും പറയുന്നു.

Content Highlight: “You can write a letter requesting that posts criticizing you not be removed; if you lodge a complaint, the government will stand by you,” said V.D. Satheesan regarding Meta’s action.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more