| Tuesday, 2nd September 2025, 8:48 pm

നസ്‌ലെന്റെ വിജയത്തിന്റെ രഹസ്യം മനസിലാക്കാൻ പറ്റും; അഭിനയിക്കുന്നത് ആസ്വദിച്ച്: കല്യാണി പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയനടിയാണ് കല്യാണി പ്രിയദർശൻ. തെലുങ്ക് ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടി പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നുവന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ സാന്നിധ്യമറിയിച്ചു.

ഈ ഓണത്തിന് കല്യാണിയുടേതായി റിലീസ് ചെയ്തത് രണ്ട് സിനിമകളാണ്. ലോകഃ ചാച്റ്റർ വൺ: ചന്ദ്രയും ഓടും കുതിര ചാടും കുതിരയും. ലോകഃയിൽ നസ്‌ലെനും ഓടും കുതിര ചാടും കുതിരയിൽ ഫഹദുമാണ് കല്യാണിയുടെ പെയർ ആയി എത്തുന്നത്. ഇപ്പോൾ നസ്‌ലെനെക്കുറിച്ചും ഫഹദിനെക്കുറിച്ചും സംസാരിക്കുകയാണ് കല്യാണി.

‘നസ്‌ലെൻ ഭയങ്കര ടാലെന്റഡാണ്. സെൻസ്ഓഫ് ഹ്യൂമറുണ്ട് അദ്ദേഹത്തിന്. മൊത്തത്തിൽ അടിപൊളിയാണ് നസ്‌ലെൻ. പിന്നെ വർക്കിൽ ഹോണസ്റ്റാണ്. നസ്‌ലെന്റെ വിജയത്തിന്റെ രഹസ്യം എനിക്ക് മനസിലാക്കാൻ പറ്റും. കാരണം അത്രയും ആസ്വദിച്ചാണ് അഭിനയിക്കുന്നത്,’ കല്യാണി പ്രിയദർശൻ പറയുന്നു.

എന്നാൽ, ഫഹദ് വളരെ ഇരുത്തം വന്ന നടനാണെന്നും എല്ലാവരും വളരെ മികച്ച അഭിനേതാവായി അംഗീകരിച്ചിട്ടും അദ്ദേഹത്തിന്റെ ശ്രദ്ധ ഇപ്പോഴും അഭിനയം എത്രത്തോളം മെച്ചപ്പെടുത്താം എന്നതിലാണെന്നും കല്യാണി കൂട്ടിച്ചേർത്തു.

ഒരു നല്ല കലാകാരന് ഉണ്ടായിരിക്കേണ്ട രണ്ട് ഗുണങ്ങൾ ഫഹദിലുണ്ടെന്നും അത് സ്വന്തം കഴിവിലുള്ള വിശ്വാസം ആണെന്നും മറ്റൊന്ന് സ്വന്തം അരക്ഷിതാവസ്ഥകളിൽ നിന്ന് പുറത്തുകടന്ന് വളരാനുള്ള ശ്രമമാണെന്നും കല്യാണി പറഞ്ഞു.

തിയേറ്ററിൽ വൻവിജയമായി മാറിയിരിക്കുകയാണ് ലോകഃ ചാപ്റ്റർ വൺ ചന്ദ്ര. മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത സൂപ്പർഹീറോ ഴോണറിലെത്തിയ ചിത്രമാണ് ചന്ദ്ര. ഓണം റിലീസായെത്തിയ ഹൃദയപൂർവ്വം, ഓടും കുതിര ചാടും കുതിര എന്നീ ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ലോകഃയുടെ കുതിപ്പ്.

ഡൊമിനിക് അരുണാണ് ലോകഃ അണിയിച്ചൊരുക്കിയത്. ഡൊമിനിക് അരുണിന്റെ രണ്ടാമത്തെ ചിത്രമാണ് ലോകഃ ചാപ്റ്റർ വൺ ചന്ദ്ര.

Content Highlight: You can understand the secret of Naslen says Kalyani Priyadarshan

We use cookies to give you the best possible experience. Learn more