തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വരാനിരിക്കുന്ന അഭിമാന പദ്ധതിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അപകട/ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം.
ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സ്‌കൂള്‍ തലത്തില്‍ ഉടന്‍ ആരംഭിക്കും. ഇതിന് മുന്നോടിയായാണ് പദ്ധതിക്ക് പേരിടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിരിക്കുന്നത്.
ജനകീയമായ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടെത്താനായാണ് വിദ്യാഭ്യാസ വകുപ്പിന്റെ ക്ഷണം.
ഇന്‍ഷുറന്‍സ് പദ്ധതിക്ക് അനുയോജ്യമായ അര്‍ത്ഥവത്തായ ഒരു പേര് നിര്‍ദേശിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനമാണെന്ന് മന്ത്രി ശിവന്‍കുട്ടി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകാമെന്നും അറിയിപ്പില്‍ പറയുന്നു.
പദ്ധതി അതിവേഗം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമങ്ങളെന്നും അതിനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച് കഴിഞ്ഞെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.
പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍, പേര് നിര്‍ദേശിക്കേണ്ട രീതി, രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങള്‍ എന്നിവ അടങ്ങിയ വിശദമായ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
നമ്മുടെ കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ മുന്‍ഗണന. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം, ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അപകട/ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി അതിവേഗം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കരുതലാവാനൊരുങ്ങുന്ന ഈ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ തന്നെ സ്‌കൂള്‍ തലത്തില്‍ ആരംഭിക്കുന്നതാണ്.
പദ്ധതിക്ക് പേര് നിര്‍ദേശിക്കാം.
ജനകീയമായ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടെത്താന്‍ നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുന്നു.
– നിങ്ങള്‍ ചെയ്യേണ്ടത്: ഈ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അനുയോജ്യമായ അര്‍ത്ഥവത്തായ ഒരു പേര് നിര്‍ദേശിക്കുക.
– സമ്മാനം: ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനമാണ്.
– ആര്‍ക്കൊക്കെ പങ്കെടുക്കാം: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകാം.
വിശദാംശങ്ങള്‍ ഉടന്‍:
പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍, പേര് നിര്‍ദേശിക്കേണ്ട രീതി, രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങള്‍ എന്നിവ അടങ്ങിയ വിശദമായ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ പുറത്തിറക്കുന്നതാണ്.
നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം.
Content Highlight: You can suggest a name for the Kerala government’s accident insurance scheme for students; Education Department announces attractive prize