| Tuesday, 11th November 2025, 7:33 pm

എന്റെ കഴുത്ത് വെട്ടാം, വോട്ടർപട്ടികയിൽ നിന്നും ജനങ്ങളുടെ പേര് വെട്ടരുത്: മമത ബാനർജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: എസ്.ഐ.ആറിലൂടെ നടത്തുന്ന പ്രവർത്തങ്ങൾ വോട്ട് ബന്ദിയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്റെ കഴുത്ത് അറുത്തിട്ടാണെങ്കിൽ പോലും വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

എസ്.ഐ.ആർ ഉടനടി അവസാനിപ്പിക്കണമെന്നും അർഹരായ എല്ലാ വോട്ടർമാർക്കും അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടുന്ന തരത്തിൽ ഈ പ്രക്രിയ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും മമത പറഞ്ഞു.

ബീഹാറിൽ നടപ്പിലാക്കിയതുപോലെ എസ്.ഐ.ആർ ബംഗാളിൽ നടപ്പിലാക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും മമത കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എസ്‌.ഐ.ആർ നടത്താനുള്ള തിടുക്കം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ബാനർജി പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് വേണ്ടിയുള്ളതല്ല ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ്. മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ടി.എൻ ശേഷന്റെ വാക്കുകൾ ഞാൻ ഇപ്പോൾ ഓർക്കുന്നു. ബീഹാറിൽ നിങ്ങൾക്ക് അത് നടത്താൻ കഴിയും.

പക്ഷെ ബംഗാളിൽ അങ്ങനെ ചെയ്യാൻ കഴിയില്ല. അവിടെ ഞങ്ങൾ നിങ്ങളെ ഓരോ ഘട്ടത്തിലും ചോദ്യം ചെയ്യും. പൊതുജനങ്ങളെയല്ല നിങ്ങളുടെ യജമാനനെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ശ്രമിക്കുന്നത്. നിങ്ങൾക്ക് ജനാധിപത്യം തകർക്കാൻ കഴിയില്ല,’ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പരാമർശിച്ചുകൊണ്ട് മമത പറഞ്ഞു.

നോട്ട് നിരോധനം നോട്ട് ബന്ദിയാണെങ്കിൽ എസ്‌.ഐ.ആർ വോട്ട് ബന്ദിയാണെന്നും എസ്.ഐ.ആറിന്റെ പേരിൽ കേന്ദ്ര സർക്കാർ ജനങ്ങളെ പ്രയാസപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു.

ബി.ജെ.പിയുടെ നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കില്ലെന്നും. ഇത് പറഞ്ഞതിന് അവർ എന്നെ ശിക്ഷിക്കട്ടെയെന്നും അവർ പറഞ്ഞു.

‘എന്നെ ജയിലിലേക്ക് അയയ്ക്കുക, ഏജൻസികളെ എന്റെ പിന്നാലെ അയയ്ക്കുക, എന്റെ വോട്ടവകാശം ഇല്ലാതാക്കുക, എന്റെ കഴുത്ത് പോലും അറുക്കുക, പക്ഷേ ജനങ്ങളെ പീഡിപ്പിക്കരുത്, അവരുടെ വോട്ടവകാശം ഇല്ലാതാക്കരുത്,’ മമത കൂട്ടിച്ചേർത്തു.

Content Highlight: You can cut my throat, but don’t remove people’s names from voter lists: Mamata Banerjee

We use cookies to give you the best possible experience. Learn more