| Tuesday, 14th April 2026, 9:27 am

നിങ്ങള്‍ മുസ്‌ലിങ്ങളെ കന്നുകാലികളെ പോലെയാണ് പരിഗണിക്കുന്നത്; മമതയ്‌ക്കെതിരെ ഒവൈസി

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി.

ബംഗാളില്‍ ബി.ജെ.പിയെ വളരാന്‍ സഹായിച്ചത് മമതയാണെന്നും മുസ്‌ലിങ്ങളുടെ വോട്ട് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് അവരുടെതെന്ന് ഒവൈസി പറഞ്ഞു.

ഗുജ്‌റാത്ത് വംശഹത്യ സമയത്ത് മമത ബി.ജെ.പി പാളയത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ബി ടീം എന്ന തനിക്കെതിരായ ആരോപണവും ഒവൈസി തള്ളി.

മുസ്‌ലിങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി ഇത് വരെ എന്താണ് ചെയ്തതെന്നും അവര്‍ക്ക് വേണ്ടി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാന്‍ തയ്യാറാവാത്തതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

‘മുസ്‌ലിങ്ങളെ കന്നുകാലികളെ പോലെ പരിഗണിച്ച് വോട്ടിനായി ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് മമത ചെയ്യുന്നത്. 8 ലക്ഷത്തോളം മുസ്‌ലിങ്ങളെ പണ്ട് പാകിസ്ഥാനിലേക്ക് നാടുകടത്തിയപ്പോള്‍ അവര്‍ എവിടെയായിരുന്നു,’ ഒവൈസി ചോദിച്ചു.

ഇപ്പോള്‍ തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കന്നതിനെ മമത എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഹുമയൂണ്‍ കബീറുമായുളള സഖ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു.
‘ അയാളുമായുള്ള എന്റെ ബന്ധം അവസാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമാണെന്നാണ് ഇപ്പോള്‍ ഹുമയൂണ്‍ അവകാശപ്പെടുന്നത്,’ ഒവൈസി പറഞ്ഞു.

1000 കോടിക്ക് മുസ്‌ലിം വോട്ടുകള്‍ ബി.ജെ.പിക്ക് വേണ്ടി മറിക്കാമെന്നുള്ള ഹുമയൂണ്‍ കബീറിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആം ജനത ഉന്നായാന്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഒവൈസി ഉപേക്ഷിച്ചിരുന്നു. ഭാവിയില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും ഒവൈസി പറഞ്ഞു.

Content Highlight: You are treating Muslims like cattle; Owaisi against Mamata

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more