| Thursday, 9th October 2025, 8:50 am

'നിങ്ങളാണ് ശിശുഘാതകര്‍', ഇസ്രഈലിനെതിരെ ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റായ മണ്ടേലയുടെ ചെറുമകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേപ്ടൗണ്‍: ഗസയിലേക്ക് മാനുഷിക സഹായങ്ങളുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകളെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത ഇസ്രഈല്‍ സൈന്യത്തിന്റെ കൂടുതല്‍ ക്രൂരതകള്‍ വെളിപ്പെടുത്തി നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനും ആക്ടിവിസ്റ്റുമായ മണ്ട്‌ല മണ്ടേല.

ശിശു ഘാതകരെന്നും തീവ്രവാദികളെന്നും വിളിച്ച് ഗ്ലോബല്‍ ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകളെ ഇസ്രഈല്‍ സൈനികര്‍ അവഹേളിച്ചെന്ന് അദ്ദേഹം പറഞ്ഞു.

‘ഗ്ലോബല്‍ ഫ്‌ളോട്ടില്ലയില്‍ നിന്നും പിടികൂടിയ ഞങ്ങളോട് നിങ്ങള്‍ ശിശു ഘാതകരാണ് എന്നാണ് ഇസ്രഈലി സൈനികര്‍ വിളിച്ചുപറഞ്ഞത്. ഇത് കേട്ട് ഞങ്ങള്‍ ഞെട്ടിത്തരിച്ചുപോയി. എന്നാലിതിന് ഇതിന് ശരിയായ മറുപടി നല്‍കിയത് ഞങ്ങളുടെ (ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകളുടെ) ഐക്യത്തിലൂടെയാണ്. ഫ്രീ, ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യം ഞങ്ങള്‍ ഉറക്കെ മുഴക്കി. ഞങ്ങളല്ല ശിശുക്കളെ കൊല്ലുന്നത്, അത് നിങ്ങളാണ്. നിങ്ങളാണ് തീവ്രവാദികള്‍ എന്ന് ഞങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു’, മണ്ട്‌ല മണ്ടേല വെളിപ്പെടുത്തി.

ഇസ്രഈല്‍ സൈന്യം ആറ് ദിവസം കസ്റ്റഡിയില്‍ പാര്‍പ്പിച്ച ശേഷം നാടുകടത്തിയ മണ്ട്‌ല മണ്ടേല ബുധനാഴ്ച ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മണ്ട്‌ല താനടക്കമുള്ള ആക്ടിവിസ്റ്റുകള്‍ നേരിട്ട ഇസ്രഈല്‍ സൈന്യത്തിന്റെ ക്രൂരതകള്‍ വിശദീകരിച്ചത്.

ഇസ്രഈല്‍ അതിക്രൂരമായാണ് പെരുമാറിയത്. എന്നാല്‍ ഫലസ്തീനിലെ ജനത എന്നും അനുഭവിക്കുന്നത് വെച്ച് നോക്കിയാല്‍ ഈ ക്രൂരത ഒന്നുമല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാനുഷിക സഹായവുമായി പുറപ്പെട്ട ആക്ടിവിസ്റ്റുകളെ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ നിന്നും തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രഈല്‍ നിയമവിരുദ്ധമായി ഉപരോധം ഏര്‍പ്പെടുത്തിയ ഗസയ്ക്ക് വേണ്ടി മാനുഷിക സഹായവുമായി പോയതായിരുന്നു. ഫലസ്തീനിലെ സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ടിയാണ് പോയത്. എന്നാല്‍, തീവ്രവാദികള്‍ എന്നുവിളിച്ചുള്ള അധിക്ഷേപം ഉള്‍പ്പെടെ എല്ലാ തരത്തിലുമുള്ള ക്രൂരതകളും ആക്ടിവിസ്റ്റുകള്‍ക്ക് നേരിടേണ്ടി വന്നെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ടേല ഫ്‌ളോട്ടില്ല ദൗത്യത്തെ സമാധാനപരവും അക്രമരഹിതവുമായ ഒരു ദൗത്യമെന്നാണ് വിശേഷിപ്പിച്ചത്.

‘ഞങ്ങളുടെ കൈകള്‍ പിന്നില്‍ കേബിള്‍ കൊണ്ട് കെട്ടിവെച്ചു. ഷൂസ് അഴിച്ചുമാറ്റി, പ്ലാറ്റ്ഫോമില്‍ മുട്ടുകുത്തി ഇരുത്തി, എല്ലാവര്‍ക്കും കാണാന്‍ വേണ്ടി പരേഡ് ചെയ്യിപ്പിച്ചു.’ മണ്ട്‌ല പറഞ്ഞു. ഐ.ഡി.എഫ് ക്രൂരമായി പെരുമാറിയെങ്കിലും ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതും സഹായങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നതും തുടരും. ഇക്കാര്യത്തില്‍ ഫ്‌ളോട്ടില്ലയിലെ സംഘം ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് മണ്ട്ല മണ്ടേല വ്യക്തമാക്കി.

മണ്ട്‌ല മണ്ടേലയുള്‍പ്പെടെ അഞ്ച് ദക്ഷിണാഫ്രിക്കന്‍ ആക്ടിവിസ്റ്റുകളെ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ തടഞ്ഞുവെച്ച് ഐ.ഡി.എഫ് കസ്റ്റഡിയിലെടുത്തത്. ഈ സംഘത്തിലെ രണ്ട് മുസ്‌ലിം സ്ത്രീകളുടെ ഹിജാബ് ബലമായി അഴിച്ചുമാറ്റിയതായും, ഇസ്രഈല്‍ പട്ടാളക്കാരുടെ മുന്നില്‍ വെച്ച് നഗ്‌നരാക്കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തടവിലാക്കപ്പെട്ട മറ്റ് സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള ക്രൂരത അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം ഗസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമായ പുതിയ ഒമ്പത് കപ്പലുകളില്‍ മൂന്നെണ്ണം ഇസ്രഈല്‍ തടഞ്ഞിരുന്നു. സണ്‍ബേര്‍ഡ്സ്, അല അല്‍-നജാജര്‍, അനസ് അല്‍-ഷെരീഫ് എന്നീ കപ്പലുകളെ ഗസയില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ (220 കി.മീ) അകലെ വെച്ചാണ് തടഞ്ഞത്.

ഇതിനിടെ, അമേരിക്ക മുമ്പോട്ട് വെച്ച ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രഈലും ഹമാസും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇസ്രഈലും ഹമാസും സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച വാര്‍ത്ത പ്രഖ്യാപിക്കുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ട്. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും എന്ന് തന്നെയാണ് ഇതിനര്‍ത്ഥമെന്നാണ് ട്രംപ് കുറിച്ചത്.

അതേസമയം, 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ 67,000ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: ‘You are the ones who kill children, you are the terrorists’; Mandela Mandela against the Israeli army

We use cookies to give you the best possible experience. Learn more