| Tuesday, 13th January 2026, 8:15 pm

'നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്' രാഹുലിനെ പിന്തുണച്ച ശ്രീനാദേവിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

രാഗേന്ദു. പി.ആര്‍

ആലപ്പുഴ: ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്‌നേഹ ആര്‍.വി. ഹരിപ്പാട്.

‘നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്’ എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് സ്‌നേഹയുടെ വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീനാദേവിയെ സ്‌നേഹ വിമര്‍ശിച്ചത്.

‘പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയേക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല. അതാണ് കോണ്‍ഗ്രസ്…… നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്…,’ എന്നാണ് സ്‌നേഹയുടെ പോസ്റ്റ്.

ശ്രീനാദേവി കോണ്‍ഗ്രസ് അംഗത്വം സ്വീകരച്ചതിന്റെ രസീത് പങ്കുവെച്ചുകൊണ്ടാണ് സ്നേഹയുടെ വിമര്‍ശനം. അതേസമയം രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള വീഡിയോയില്‍ ശ്രീനാദേവിക്കെതിരെ അതിജീവിത പരാതി നള്‍കി.

അതിജീവിതയെ അധിക്ഷേപിച്ചതിലും ഐഡന്റിറ്റി വെളിപ്പെടുത്തിയതിലും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണമെന്നാണ് യുവതിയുടെ ആവശ്യം.

ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നില്‍ വിചാരണ ചെയ്യാന്‍ അവകാശമില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രീനാദേവിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീനാദേവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നത്.

രാഹുലിനെതിരായ ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്നും രണ്ടാമത്തെ കേസില്‍ കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി പറഞ്ഞിരുന്നു.

നിലവില്‍ ശ്രീനാദേവിക്കെതിരെ പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് അനില്‍ തോമസും രംഗത്തുണ്ട്. പേരിന്റെ അര്‍ത്ഥത്തിന് വിപരീതമായ കാര്യങ്ങളാണ് കുഞ്ഞമ്മ പറയുന്നതെന്നും വെള്ളം കുടിച്ച് മരിച്ചാല്‍ ഭാഗ്യമെന്നുമാണ് വിമര്‍ശനം.

തദ്ദേശ തെരഞ്ഞെടുപ്പിന് മുണ്ടിയായാണ് ശ്രീനാദേവി കുഞ്ഞമ്മ സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.

Content Highlight: ‘You are a Congresswoman today’: Sneha RV slams Srina Devi for supporting Rahul

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more