28 വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2011ലെ ലോകകപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ വിജയം നേടിയത്.
എന്നാല്‍ പിന്നീട് 2015ലെ ലോകകപ്പില്‍ മുമ്പ് ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന ടീമിലെ മൂന്ന് താരങ്ങല്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിരാട് കോഹ്‌ലി, ആര്‍. അശ്വിന്‍, ധോണി എന്നീ മൂന്ന് കളിക്കാര്‍ മാത്രമേ 2015 ലോകകപ്പില്‍ പങ്കെടുത്തുള്ളൂ.
2011ലെ ലോകകപ്പ് ജേതാക്കളായ ടീമിനെ പുറത്താക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സംസാരിക്കുകയാണ് മുന്‍ ഉന്ത്യന്‍ താരം യോഗ്‌രാജ് സിങ്. ഇന്‍സൈഡ് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.
ബി.സി.സി.ഐ സെലക്ടര്‍മാര്‍ ഒരു കാരണവുമില്ലാതെ ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ്, വി.വി.എസ്. ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെ പുറത്താക്കിയെന്ന് മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ് സിങ് പറഞ്ഞു.
മാത്രമല്ല 2012ല്‍ എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും വമ്പന്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ അന്നത്തെ സെലക്ടര്‍ മാഹീന്ദര്‍ അമര്‍നാഥ് ധോണിയെ പുറത്താക്കണമെന്ന് ആഗ്രഹിച്ചെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.
‘ബി.സി.സി.ഐ സെലക്ടര്‍മാര്‍ ഒരു കാരണവുമില്ലാതെയാണ് അവരുടെ കരിയര്‍ നശിപ്പിച്ചത്. 2011ന് ശേഷം ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ്, വി.വി.എസ്. ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെ പുറത്താക്കി. 2011ലെ ലോകകപ്പിന് ശേഷം ടീം പിരിച്ചുവിടപ്പെട്ടു.
ഈ ഏഴ് കളിക്കാരുടെ കരിയര്‍ നശിപ്പിക്കപ്പെട്ടു. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. എം.എസ്. ധോണിയുടെ നായകത്വത്തിന് കീഴില്‍ ഞങ്ങള്‍ അഞ്ച് പരമ്പരകള്‍ തോറ്റു, അപ്പോള്‍ മൊഹീന്ദര്‍ അമര്‍നാഥ് അദ്ദേഹത്തെ പുറത്താക്കാന്‍ ആഗ്രഹിച്ചു,’ യോഗ്‌രാജ് പറഞ്ഞു.
Content Highlight: Yograj Singh Criticize BCCI For Seven players were dismissed