| Tuesday, 17th November 2026, 12:50 pm

യോഗിയുടെ സെലക്ടീവ് ജസ്റ്റിസ്: ലൗഡ് സ്പീക്കര്‍ വേട്ടയും ഡി.ജെ മരണങ്ങളും

നിഷാന. വി.വി

ശബ്ദമലിനീകരണം തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശിലെ ആരാധനാലയങ്ങളില്‍ നിന്ന് ഒരു ലക്ഷത്തിലധികം ലൗഡ് സ്പീക്കറുകളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അഴിച്ചുമാറ്റിയത്. എന്നാല്‍, അതേ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം വിഗ്രഹ നിമജ്ജന ഘോഷയാത്രകളിലെ കാതടപ്പിക്കുന്ന ഡി.ജെ ശബ്ദം കാരണം പൊലിഞ്ഞത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനാണ്.

ബല്ലിയയില്‍ 20 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവും, സിദ്ധാര്‍ത്ഥ് നഗറില്‍ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞും, ബല്‍റാംപൂരില്‍ ക്ലാസ് മുറിയിലിരുന്ന ഏഴ് വയസുകാരിയും ഡി.ജെകളുടെ അമിത ശബ്ദത്തിന് മുന്നില്‍ ഹൃദയം നിലച്ച് മരണപ്പെട്ടു.

സംസ്ഥാനത്ത് ശബ്ദമലിനീകരണം തടയുന്നതിനായി യോഗി സര്‍ക്കാര്‍ വലിയ ഇടപെടലുകള്‍ നടത്താറുണ്ടെന്നാണ് അവകാശവാദം. പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യിപ്പിക്കുന്നത് തന്റെ വലിയ ഭരണ നേട്ടമായാണ് അദ്ദേഹം എടുത്ത് കാണിക്കാറുള്ളത്.

ലൗഡ് സ്പീക്കര്‍ നിയന്ത്രണവും സര്‍ക്കാര്‍ വാദങ്ങളും

സുപ്രീം കോടതിയുടെയും അലഹബാദ് ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് യു.പി സര്‍ക്കാര്‍ ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തത്. ശബ്ദം ആരാധനാലയങ്ങളുടെ വളപ്പിനുള്ളില്‍ ഒതുങ്ങണമെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

ഈ നടപടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന് ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യുകയും ശബ്ദം കുറയ്ക്കുകയും ചെയ്തു. പ്രത്യേകിച്ച് പള്ളികളിലെ ബാങ്ക് വിളികള്‍ക്കും റമദാന്‍ കാലത്തെ പ്രാര്‍ത്ഥനകള്‍ക്കും ഈ നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കുകയും, അത് തങ്ങളുടെ ഭരണനേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

എന്നാല്‍ വിഗ്രഹ നിമജ്ജന യാത്രകളില്‍ അനുവദനീയമായ ഡെസിബല്‍ പരിധി ലംഘിച്ച് അത്യുച്ചത്തിലുള്ള ഡി.ജെ ഉപയോഗിക്കുന്നത് പതിവാണ്. ശബ്ദം കുറയ്ക്കാന്‍ കേണപേക്ഷിച്ചിട്ടും മാറ്റാന്‍ തയ്യാറാകാതെ ഹൃദയാഘാതം മൂലമാണ് കഴിഞ്ഞ ദിവസം ബല്ലിയയില്‍ 20 ദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ടത്.

ലക്ഷ്മി വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി വലിയ സ്പീക്കറുകള്‍ ഘടിപ്പിച്ച ഡി.ജെ വാഹനം റീമ ദേവി എന്ന യുവതിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിടുകയായിരുന്നു. ഈ സമയം അമ്മയോടൊപ്പം വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന നവജാതശിശു, പെട്ടെന്നുണ്ടായ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞെട്ടിയുണരുകയും നിര്‍ത്താതെ കരയുകയും ചെയ്തു.

ശബ്ദം കുറയ്ക്കാനും വാഹനം വീടിന് മുന്നില്‍ നിന്ന് മാറ്റാനും കുടുംബാംഗങ്ങള്‍ ഡി.ജെ സംഘത്തോട് പലതവണ അപേക്ഷിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

അമിതമായ ശബ്ദത്തിന്റെ ആഘാതത്തില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലയ്ക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. പ്രസവശേഷം പരിചരിക്കാന്‍ ഭര്‍തൃവീട്ടില്‍ ആളില്ലാത്തതിനാല്‍ 10 ദിവസം മുമ്പാണ് റീമ ദേവി കുഞ്ഞുമായി മുടിയാരിയിലെ സ്വന്തം വീട്ടിലെത്തിയത്. കുഞ്ഞ് അബോധാവസ്ഥയിലായതോടെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിദ്ധാര്‍ത്ഥ് നഗറില്‍ രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചതും കാതടപ്പിക്കുന്ന ഡി.ജെ ശബ്ദം കാരണമായിരുന്നു. കുഞ്ഞിന്റെ പിതാവായ ജാവേദ് മനിഹാര്‍ നല്‍കിയ പരാതി പ്രകാരം ഘോഷയാത്രയില്‍ പങ്കെടുത്ത ഡി.ജെകള്‍ പരസ്പരം മത്സരിച്ച് അമിത ശബ്ദത്തിലാണ് പാട്ടുകള്‍ വെച്ചിരുന്നത്. ശബ്ദം കാരണം വീടിന്റെ ജനലുകളും ചുവരുകളും ശക്തമായി വിറച്ചിരുന്നു. ശബ്ദത്തിന്റെ ആഘാതത്തില്‍ വീടിന് പുറത്തെ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് വരെ തകര്‍ന്നുവീണതായും അദ്ദേഹം പറഞ്ഞു.

ഉച്ചത്തിലുള്ള ശബ്ദം കാരണം കുഞ്ഞിന്റെ ആരോഗ്യം പെട്ടെന്ന് വഷളാവുകയും, ഒരു വലിയ ശബ്ദം ഉണ്ടായതിന് പിന്നാലെ കുഞ്ഞ് പൂര്‍ണമായും പ്രതികരണമില്ലാത്ത അവസ്ഥയിലാവുകയുമായിരുന്നുവെന്നും ഉടന്‍ തന്നെ മരണവും സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പിതാവിന്റെ പരാതിയില്‍ കേസെടുത്തെങ്കിലും പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാവൂ എന്നായിരുന്നു പൊലീസ് അപ്പോഴും വാദിച്ചിരുന്നത്. ബല്‍റാംപൂരില്‍ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടയിലെ അമിത ഡി.ജെ ശബ്ദം കാരണം ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്ന ഏഴ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചിരുന്നു.

ഇത്രയും മരണങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി യോഗി ഇതുവരെ ഇതിനെതിരെ കേസെടുക്കാനോ മരണങ്ങളില്‍ പ്രതികരിക്കാനോ തയ്യാറായിട്ടില്ല. മരണങ്ങള്‍ അടിക്കടിയായി നടക്കുമ്പോഴും ഈ പൂജകളില്‍ ശബ്ദം നിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യറായിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഈ സീരീസിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അവസാനത്തെ മരണം നടക്കുന്നത്.

അതേസമയം ബാങ്ക് വിളിക്ക് ശബ്ദം കൂടിപ്പോയെന്നാരോപിച്ച് പള്ളി ഇമാമിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. നജീബാബാദിലെ നജീബ്-ഉദ്-ദൗല പള്ളിയിലെ മുഅദ്ദിനായ മുഹമ്മദ് ഫൈസനാണ് 14 ദിവസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 11-ന് ഉച്ചയ്ക്ക് ഫൈസന്‍ ദുഹ്ര് നമസ്‌കാരത്തിനായി ബാങ്ക് വിളിച്ചിരുന്നു. ഈ സമയത്ത് ഇതുവഴി കടന്നുപോവുകയായിരുന്ന ബിജ്നോര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.പി) കിഷന്‍ കുമാര്‍ ബിഷ്‌നോയ് ബാങ്ക് വിളി കേള്‍ക്കുകയും, പള്ളിയില്‍ പരിശോധന നടത്താന്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

അനുവദനീയമായ ഡെസിബെല്‍ പരിധി ലംഘിച്ചാണ് ലൗഡ് സ്പീക്കര്‍ പ്രവര്‍ത്തിപ്പിച്ചത് എന്ന് ആരോപിച്ച പൊലീസ്, പള്ളിയിലെ ഉച്ചഭാഷിണി പിടിച്ചെടുക്കുകയും ഫൈസനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടര്‍ന്ന് സബ് ഡിവിഷണല്‍ മാജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.ലൗഡ് സ്പീക്കര്‍ പള്ളിക്കുള്ളില്‍ സ്ഥാപിച്ചിരിക്കുകയാണെന്നും, അതിന്റെ അമിത ശബ്ദം പ്രദേശവാസികള്‍ക്ക്, പ്രത്യേകിച്ച് രോഗികള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് പൊലീസ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിന് പ്രദേശത്തെ ബീറ്റ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, തങ്ങളുടെ പരിധിയിലെ ആരാധനാലയങ്ങളില്‍ ഉപയോഗിക്കുന്ന ലൗഡ് സ്പീക്കറുകള്‍ നിര്‍ദിഷ്ട ശബ്ദപരിധിക്കുള്ളിലാണെന്ന് ബീറ്റ് കോണ്‍സ്റ്റബിള്‍മാര്‍ വഴി ഉറപ്പുവരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബിജ്നോറിലെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജുമാര്‍ക്കും ഉത്തരവ് നല്‍കി. വീഴ്ച വരുത്തുന്ന പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബിജ്‌നോറിലെ മുഅദ്ദിന് 14 ദിവസത്തെ ജയില്‍വാസം വിധിച്ച അതേ നിയമമാണ്, മൂന്ന് കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഡി.ജെ സംഘങ്ങള്‍ക്ക് മുന്നില്‍ കണ്ണടയ്ക്കുന്നത്. ‘കുട്ടികള്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നു’ എന്ന എഫ്.ഐ.ആറിലെ വരികള്‍ ഡി.ജെ മരണങ്ങള്‍ക്കും ബാധകമാക്കിയിരുന്നുവെങ്കില്‍ ബല്ലിയയിലെയും സിദ്ധാര്‍ത്ഥ് നഗറിലെയും കുഞ്ഞുങ്ങള്‍ക്ക് ഇന്ന് ജീവനുണ്ടാകുമായിരുന്നു.

Content Highlight: Yogi’s Selective Justice: The Crackdown on Loudspeakers and Deaths Linked to DJs

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more