ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. ഗോപാലകരെ അധിക്ഷേപിച്ച് സംസാരിച്ചതിലൂടെ മുഖ്യമന്ത്രി ശ്രീകൃഷ്ണനെയാണ് അപമാനിച്ചതെന്ന് അഖിലേഷ് ആരോപിച്ചു. 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് ഒക്ടോബർ 24-ന് അഖിലേഷ് നടത്തിയ ഒരു പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റം നടത്തിയത് ഉത്തരാഖണ്ഡിൽ നിന്നുള്ളവരാണെന്നായിരുന്നു അഖിലേഷിന്റെ പ്രസ്താവന. ഉത്തരാഖണ്ഡുകാരനായ യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ടായിരുന്നു ഈ വിമർശനം. എന്നാൽ ഇത് ഉത്തരാഖണ്ഡിലെ ജനങ്ങളെ ഒന്നാകെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി പറഞ്ഞു.
ഇതിന് മറുപടിയായി ബുധനാഴ്ച ലഖ്നൗവിൽ നടന്ന ‘ഉത്തരാഖണ്ഡ് മഹോത്സവത്തിൽ’ യോഗി ആദിത്യനാഥ് അഖിലേഷിനെ പരിഹസിച്ചിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ഭാര്യ ഡിംപിൾ യാദവിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, ‘ഉത്തരാഖണ്ഡിന്റെ മകൾ’ ഇല്ലായിരുന്നെങ്കിൽ അഖിലേഷ് ഇപ്പോൾ സെയ്ഫായിയിൽ എരുമകളെ മേയ്ച്ചു നടക്കുമായിരുന്നു എന്നായിരുന്നു യോഗിയുടെ പരാമർശം.
ഇതിനെതിരെയാണ് വ്യാഴാഴ്ച എക്സിലൂടെ അഖിലേഷ് പ്രതികരിച്ചത്. യോഗിയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച അഖിലേഷ്, ഗോപാലകരെ മോശമായി ചിത്രീകരിക്കുന്നതിലൂടെ ഭഗവാൻ ശ്രീകൃഷ്ണനെയാണ് മുഖ്യമന്ത്രി അപമാനിച്ചിരിക്കുന്നതെന്നും ഇത് പൊറുക്കാനാവാത്ത തെറ്റാണെന്നും വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകൾ കൊള്ളയടിച്ച സംഘത്തിന് മുഖ്യമന്ത്രി കൂട്ടുനിൽക്കുകയും സത്യം പുറത്തുവരുമെന്ന ഭയത്താൽ അവർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തതായും അദ്ദേഹം വിമർശിച്ചു.
കൂടാതെ, ശിവഭക്തയായ ദേവി അഹല്യബായ് ഹോൾക്കറുടെ പ്രതിമയോട് അനാദരവ് കാണിച്ചത് മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം രാമന്റെയോ കൃഷ്ണന്റെയോ ശിവന്റെയോ യഥാർത്ഥ ഭക്തനല്ലെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
അടുത്ത ആഴ്ച പ്രതാപ്ഗഡിൽ മതപ്രഭാഷണം നടത്താനിരിക്കുന്ന ധീരേന്ദ്ര ശാസ്ത്രിയെയും വിമർശിച്ച അഖിലേഷ്, രാഷ്ട്രീയമായി ദുർബലനായതുകൊണ്ടാണ് യോഗി ഇത്തരക്കാരെ കൂട്ടുപിടിക്കുന്നതെന്നും വിമർശിച്ചു.
സ്വന്തം വാക്കുകളിൽ പോലും നിയന്ത്രണമില്ലാത്ത ആളാണ് മുഖ്യമന്ത്രിയെന്നും, പരാജയഭീതി കാരണമാണ് ഇത്രയും തരംതാഴ്ന്ന ഭാഷ ഉപയോഗിക്കുന്നതെന്നും അഖിലേഷ് പരിഹസിച്ചു. 2027-ലെ തെരഞ്ഞെടുപ്പ് അഹങ്കാരികളായ 5 ശതമാനം ആളുകളും, 95 ശതമാനം വരുന്ന പിന്നാക്ക-ദളിത്-ന്യൂനപക്ഷ (പി.ഡി.എ) വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.
Content Highlight:Yogi’s remark is an insult to Lord Krishna; BJP will lose in 2027, says Akhilesh Yadav.