| Friday, 4th May 2018, 6:27 pm

യു.പിയില്‍ ദുരന്തമുണ്ടായിട്ടും യോഗി കര്‍ണാടകയില്‍; സിദ്ധരാമയ്യയുടെ വിമര്‍ശനത്തെ തുടര്‍ന്ന് യോഗി യു.പിയിലേക്ക് തിരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തിരമായി യു.പിയിലേക്ക് തിരിച്ചു. യു.പിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് 73 പേര്‍ മരിച്ചിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം തുടരുന്നതിനെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യോഗി അടിയന്തിരമായി യു.പിയിലേക്ക് മടങ്ങിയത്.

ഇന്ന് രാത്രിയോടെ യോഗി ആഗ്രയിലെത്തും. നാളെ രാവിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം.

സ്വന്തം സംസ്ഥാനത്തെ ദുരന്തത്തിനിടയിലും യോഗി കര്‍ണാടകയില്‍ തുടരുന്നത് ഇന്നലെ സിദ്ധരാമയ്യ വിമര്‍ശിച്ചിരുന്നു. “64 ഓളം പേര്‍ ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റില്‍ മരിച്ചിരിക്കുന്നു. മരണപ്പെട്ടവര്‍ക്കും കുടുംബത്തിനും എന്റെ അനുശോചനങ്ങള്‍. പക്ഷേ നിങ്ങളുടെ മുഖ്യമന്ത്രി കര്‍ണാടകയില്‍ തിരക്കിലാണ്. അദ്ദേഹം അവിടെ ഉടന്‍ തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.” എന്നാണ് സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചത്.


Read | ‘ഗാന്ധിയെയും നെഹ്‌റുവിനെയും പോലെ സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത ആളാണ് ജിന്ന’; അലിഗഢില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് ഗോരഖ്പൂര്‍ എം.പി


ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി കഴിഞ്ഞ ദിവസം ആഞ്ഞടിച്ച പൊടിക്കാറ്റില്‍ 124 പേരാണ് മരിച്ചത്. 73 ഓളം പേരാണ് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. 35 മരണങ്ങളാണ് കിഴക്കന്‍ രാജസ്ഥാനിലെ വിവിധ ജില്ലകളിലായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തെലങ്കാനയിലും ഉത്തരാഖണ്ഡിലും മരണങ്ങളുണ്ടായി.

രാജസ്ഥാനില്‍ അല്‍വാര്‍, ധോല്‍പൂര്‍, ഭാരത്പൂര്‍ ജില്ലകളിലാണ് പൊടിക്കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചത്. ശക്തമായ പൊടിക്കാറ്റിലും ഇടിമിന്നലിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.


Read | അന്നസിംഗ-മഴുവേന്തിയ വനിത; അംഗാ യാ ആഫ്രിക്ക (ആഫ്രിക്കയുടെ ആകാശങ്ങള്‍)-ഒരു മലയാളി സ്ത്രീയുടെ ജാലക കാഴ്ചകള്‍


വീടുകളില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചവരിലധികവും. വീട് തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. അല്‍വാര്‍ ജില്ല മുഴുവന്‍ ഇന്നലെ രാത്രി മുതലേ ഇരുട്ടിലാണ്. ഭാരത്പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 മരണങ്ങളാണ് ജില്ലയില്‍ മാത്രമുണ്ടായത്. ധോല്‍പൂര്‍ ജില്ലയില്‍ നാല്‍പതോളം കുടിലുകള്‍ ഇടിമിന്നലില്‍ തകര്‍ന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more