| Monday, 1st April 2019, 8:43 am

അഖ്‌ലാക്ക് കൊലക്കേസിലെ മുഖ്യപ്രതിയടക്കം 16 പ്രതികളെ മുന്‍ നിരയിലിരുത്തി കൊലയെ ന്യായീകരിച്ച് യോഗി ആദിത്യനാഥിന്റെ പ്രസംഗം- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പശുവിറച്ചി കൈവശം വെച്ചു എന്നാരോപിച്ച് 2015ല്‍ മുഹമ്മദ് അഖ്‌ലാക്കിനെ കൊല ചെയ്ത സംഭവത്തിലെ മുഖ്യപ്രതി വിശാല്‍ സിങ്ങ് റാണയെ വേദിയുടെ മുന്‍ നിരയിലിരിക്കേ ഗോസംരക്ഷത്തെക്കുറിച്ച് വാചാലനായി യോഗി ആദിത്യനാഥ്. ബിസാരയില്‍ നടന്ന അഖ്‌ലാക്കിന്റെ കൊലയേയും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ബിസാരയില്‍ നടന്ന പ്രചരണ പരിപാടിയിലായിരുന്നു സംഭവം.

“ബിസാരയില്‍ എന്തു സംഭവിച്ചു എന്ന് ആര്‍ക്കാണ് ഓര്‍മയില്ലാത്തത്. എസ്.പി അടക്കമുള്ള പാര്‍ട്ടികള്‍ നമ്മുടെ വികാരത്തെ പിടിച്ചു കെട്ടാനാണ് ശ്രമിച്ചത്”- ബി.ജെ.പിയുടെ ഗൗതം ബുദ്ധ നഗര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടു ചോദിച്ച് ആദിത്യനാഥ് പറഞ്ഞു. 2015ല്‍ ബിസാരയിലെ ദാദ്രിയില്‍ വെച്ചാണ് അഖ്‌ലാക്ക് കൊല്ലപ്പെടുന്നത്.

“പശ്ചിമ യു.പിയിലൂടെ കാളവണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരാള്‍ ഒരു പുകയില കടയിലോ ചായക്കടിയലോ ഇറങ്ങിയാല്‍ അയാളുടെ കാളകളെ മോഷ്ടിക്കപ്പെടുമായിരുന്നു. എന്നാല്‍ നമ്മള്‍ അധികാരത്തിലെത്തിയതിന് ശേഷം, അനധികൃത ഗോശാലകള്‍ ഒരുമിച്ച് നിരോധിച്ചു”- ആദിത്യനാഥ് അവകാശപ്പെട്ടു.

Also Read സഹപ്രവര്‍ത്തകര്‍ ജാതീയ അധിക്ഷേപം നടത്തി എന്ന് പരാതി നല്‍കി; ദളിത് അധ്യാപകന്റെ പി.എച്ച്.ഡി റദ്ദ് ചെയ്യാനൊരുങ്ങി ഐ.ഐ.ടി കാണ്‍പുര്‍

അഖ്‌ലാക്ക് വധക്കേസിലെ മുഖ്യകുറ്റാരോപിതന്‍ വിശാല്‍ സിങ്ങ് റാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തെന്ന് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെക്കൂടാതെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 19ല്‍ പതിനാറു പേരും പരിപാടിയില്‍ ഉണ്ടായിരുന്നെന്നും വിശാല്‍ പറഞ്ഞു.

നിലവില്‍ വിശാലിനെതിരെ ഐ.പി.സി 302 (കൊലപാതകം), 307 (കൊലപാതകം ശ്രമം) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കേസിന്റെ അന്വേഷണം അതിവേഗ കോടതിയില്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അടുത്ത വാദം കേള്‍ക്കല്‍ ഏപ്രില്‍ 10നാണ്.

2017ലാണ് വിശാലിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. “അതെ മറ്റുള്ളവരോടൊപ്പം ഞാനും റാലിയിലുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ബി.ജെ.പിയെ പിന്തുണക്കുന്നു”- വിശാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ എല്ലാവരും ബിസാരയിലാണ്. എന്നാല്‍ സംഭവത്തിന് പിന്നാലെ അഖ്‌ലാക്കിന്റെ കുടുംബം ഇവിടെ നിന്ന് മാറി താമസിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more