| Tuesday, 12th August 2025, 8:08 pm

ബീഹാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണില്‍ മരിച്ചവര്‍ സുപ്രീം കോടതിയിലെത്തി; ഹരജിക്കാരന് അഭിനന്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മരിച്ചുവെന്ന് അവകാശപ്പെട്ട് ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിമാറ്റിയ രണ്ട് വ്യക്തികളെ സുപ്രീം കോടതിയില്‍ ഹാജരാക്കി സെഫോളോജിസ്റ്റ് യോഗേന്ദ്ര യാദവ്. ഇതോടെ ബീഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.

ബീഹാറിലെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിനെതിരെ ഫയല്‍ ചെയ്ത ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. യോഗേന്ദ്ര യാദവും വിഷയത്തില്‍ ഹരജി നല്‍കിയിരുന്നു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചമിന് മുമ്പാകെയാണ് യാദവ് വോട്ടര്‍മാരെ ഹാജരാക്കിയത്. എന്നാല്‍ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റിയത് ഒരുപക്ഷെ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നാണ് ജസ്റ്റിസ് ജോയ്മല്യ പറഞ്ഞത്.

പക്ഷെ യോഗേന്ദ്ര യാദവിനെ കോടതി പ്രശംസിക്കുകയും ചെയ്തു. യാദവിന്റെ കഠിനപ്രയത്‌നത്തെ അഭിനന്ദിക്കുന്നുവെന്നാണ് കോടതി വ്യക്തമാക്കിയത്.

ലോകചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും യോഗേന്ദ്ര കോടതിയില്‍ പറഞ്ഞു. ആദ്യമായാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാതെ എസ്.ഐ.ആര്‍ പരിഷ്‌കരണം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

’65 ലക്ഷം പേരുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിമാറ്റിയത്. നമ്മുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഈ കണക്ക് ഒരു കോടി കടക്കുമെന്ന് ഉറപ്പാണ്.’ യോഗേന്ദ്ര യാദവ് കോടതിയില്‍ പറഞ്ഞു.

അതേസമയം യോഗേന്ദ്രയുടെ നീക്കത്തെ ഒരു നാടകമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി വിശേഷിപ്പിച്ചത്.

പിന്നാലെ നിയമ വിരുദ്ധതയുണ്ടെങ്കില്‍ തീവ്രപരിഷ്‌കരണം റദ്ദാക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. സ്വതന്ത്രമായ പരിശോധന ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടിമാറ്റിയാല്‍ ഇടപെടുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹരജികള്‍ നാളെയും പരിഗണിക്കും.

ബീഹാറില്‍ നിലവില്‍ എസ്.ഐ.ആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) പ്രക്രിയയുടെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട കരട് പട്ടികയില്‍ നിന്ന് 65 ലക്ഷത്തോളം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടിരുന്നു.

ഇ.സിയുടെ കണക്കുകള്‍ അനുസരിച്ച് 65.2 ലക്ഷം വോട്ടര്‍മാരില്‍ 22 ലക്ഷം പേര്‍ മരിച്ചു, 35 ലക്ഷം പേര്‍ ബീഹാറിന് പുറത്ത് സ്ഥിരതാമസമാക്കി, ഏഴ് ലക്ഷം പേര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവരാണ്, 1.2 ലക്ഷം പേര്‍ ഇതുവരെ ഫോമുകള്‍ സമര്‍പ്പിച്ചിട്ടുമില്ല.

ജൂണ്‍ 24ന് ആരംഭിച്ച എസ്.ഐ.ആര്‍ പ്രക്രിയയില്‍ ബീഹാറിലെ 99.8% വോട്ടര്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. എന്നാല്‍ ഇതിനുമുമ്പ് 35.68 ലക്ഷം പേര്‍ മറ്റ് സ്ഥലങ്ങളില്‍ സ്ഥിരതാമസമാക്കിയവരോ മരിച്ചുപോയവരോ ഒന്നിലധികം സ്ഥലങ്ങളില്‍ പേരുചേര്‍ത്തവരോ ആണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്.

Content Highlight: Those who died in the eyes of Bihar Election Commission reach Supremecourt

We use cookies to give you the best possible experience. Learn more