| Wednesday, 14th May 2025, 4:42 pm

നിറയെ യുവ താരങ്ങളുള്ള ടീം രൂപീകരിച്ചാല്‍ അത് തകരും; പ്രതികരണവുമായി യോഗ്രാജ് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഇന്ത്യന്‍ ടീമില്‍ ഒരു യുഗത്തിന് അവസാനമാവുകയാണ്. നിലവില്‍ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും മാത്രമാണ് ഫോര്‍മാറ്റില്‍ സീനിയര്‍ താരങ്ങള്‍.

ഇപ്പോള്‍ ഇരുവരുടെയും വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്രാജ് സിങ്. വിരാട് ഒരു വലിയ കളിക്കാരനാണെന്നും ഇന്ത്യന്‍ ടീമിന് വ്യക്തമായും ഒരു നഷ്ടമായിരിക്കുമെന്നും 2011ല്‍ ടീം ഉടച്ച് വാര്‍ത്തപ്പോള്‍ ടീം തകര്‍ന്നുവെന്നും യോഗ്രാജ് പറഞ്ഞു.

നിറയെ യുവതാരങ്ങളുള്ള ഒരു ടീം രൂപീകരിച്ചാല്‍ അത് തകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇനി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഒരാള്‍ കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടതെന്നും വിരാടിന് ഇനി ഒന്നും നേടാന്‍ ബാക്കിയില്ലെന്ന് തോന്നിയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയില്‍ സംസാരിക്കുകയായിരുന്നു യോഗ്രാജ് സിങ്.

‘വിരാട് ഒരു വലിയ കളിക്കാരനാണ്, അതിനാല്‍ അത് വ്യക്തമായും ഒരു നഷ്ടമായിരിക്കും. 2011ല്‍ നിരവധി കളിക്കാരെ പുറത്താക്കുകയോ, വിരമിക്കുകയോ, നിര്‍ബന്ധിച്ച് വിരമിപ്പിക്കുകയോ ചെയ്തപ്പോള്‍, ടീം തകര്‍ന്നു. ഇപ്പോഴും ടീമിനെ തിരിച്ച് കൊണ്ടുവരാനായിട്ടില്ല.

യുവി (യുവരാജ് സിങ്) വിരമിക്കുമ്പോള്‍ അത് ശരിയായ നടപടിയല്ലെന്ന് ഞാന്‍ അവനോട് പറഞ്ഞു. ഇനി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഒരാള്‍ കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടത്.

നിറയെ യുവതാരങ്ങളുള്ള ഒരു ടീം രൂപീകരിച്ചാല്‍ അത് തകരും. ഇനി ഒന്നും നേടാന്‍ ബാക്കിയില്ലെന്ന് വിരാടിന് തോന്നിയേക്കാം,’ യോഗ്രാജ് പറഞ്ഞു.

രോഹിത്തും വീരേന്ദര്‍ സേവാഗും വളരെ നേരത്തെ വിരമിച്ച രണ്ട് വ്യക്തികളാണ് എന്ന് യോഗ്രാജ് സിങ് പറഞ്ഞു. രോഹിത്തിന്റേയും കോഹ്ലിയുടെയും വിരമിക്കലില്‍ എനിക്ക് സങ്കടമുണ്ടെന്നും ഇപ്പോള്‍ യുവാക്കളെ പ്രചോദിപ്പിക്കാന്‍ ആരും ടീമില്‍ ബാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രോഹിത് ശര്‍മയ്ക്ക് ദിവസവും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ ഒരാള്‍ ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, രാവിലെ 5 മണിക്ക് ഓടാന്‍ പ്രേരിപ്പിക്കുന്നതുപോലെ. രോഹിത്തും വീരേന്ദര്‍ സേവാഗും വളരെ നേരത്തെ വിരമിച്ച രണ്ട് വ്യക്തികളാണ്.

ഏറ്റവും മികച്ച കളിക്കാര്‍ 50 വയസ് വരെ കളിക്കണം. രോഹിത്തിന്റേയും കോഹ്ലിയുടെയും വിരമിക്കലില്‍ എനിക്ക് സങ്കടമുണ്ട്. കാരണം ഇപ്പോള്‍ യുവാക്കളെ പ്രചോദിപ്പിക്കാന്‍ ആരും ടീമില്‍ ബാക്കിയില്ല,’ യോഗ്രാജ് പറഞ്ഞു.

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എല്ലാവരെയും ഞെട്ടിച്ച് മെയ് ഒമ്പതിന് ടെസ്റ്റിന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിരാടും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് പടിയിറങ്ങാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അവ അഭ്യൂഹങ്ങളായിരിക്കുമെന്ന് ആരാധകര്‍ ആശ്വസിച്ചിരിക്കുന്നതിനിടയിലാണ് കോഹ്ലിയും മെയ് 12ന് തന്റെ വിരമിക്കല്‍ അറിയിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് തങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

Content Highlight: Yog Raj Singh talks about retirement of Virat Kohli ana Rohit Sharma

We use cookies to give you the best possible experience. Learn more