| Friday, 24th July 2026, 11:13 am

അതെ, എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്! നമ്മുടെ ഇന്ത്യന്‍ പതാകയിലാണ് എനിക്കത് ഏറ്റവും കൂടുതല്‍ ഇഷ്ടം: പോസ്റ്റുമായി പേളി മാണി

ആര്യ.പി

ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ പേളി മാണി കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വളരെ വേദനാജനകമായിരുന്നെന്നും ഒപ്പം നമ്മളെല്ലാവരെയും ചില കാര്യങ്ങള്‍ ചിന്തിക്കാന്‍ അത് നിര്‍ബന്ധിതരാക്കിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു പേളി ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.

നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശക്തിയും ഐക്യവും ദൃഢനിശ്ചയവും കണ്ടതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റ സംഘര്‍ഷങ്ങളുടെ ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും താന്‍ കണ്ടെന്നും അത് തന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും പറഞ്ഞായിരുന്നു കുറിപ്പ് തുടങ്ങിയത്.

ദയവായി ആര്‍ക്കും പരിക്കേല്‍ക്കരുതെന്നും നിങ്ങളുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ വീട്ടിലേക്ക് മടങ്ങണമെന്നും ഒരു ജീവന്‍ നഷ്ടപ്പെടുത്താന്‍ തക്ക മൂല്യം ഒരു ലക്ഷ്യത്തിനുമില്ലെന്നുമായിരുന്നു പേളി മാണി കുറിച്ചത്.

പ്രക്ഷോഭങ്ങള്‍ എന്തിനാണ് തുടങ്ങിയത് എന്ന് മാത്രമല്ല, അവ എങ്ങനെ മുന്നേറി എന്നതും ചരിത്രത്തിലുണ്ടാകുമെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ തിരിഞ്ഞുനോക്കുമ്പോള്‍, വേദനയും ഭയവും ഭിന്നതയുമല്ല, മറിച്ച് ധൈര്യവും അനുകമ്പയും അര്‍ത്ഥവത്തായ മാറ്റവും ശക്തമായ ഒരു ഇന്ത്യയെ രൂപപ്പെടുത്താന്‍ സഹായിച്ച ഒരു തലമുറയെയുമാണ് നമ്മള്‍ ഓര്‍ക്കേണ്ടതെന്ന് പ്രത്യാശിക്കുകയാണെന്നും പേളി കുറിപ്പില്‍ പറഞ്ഞിരുന്നു.

ഏറ്റവും പ്രധാനമായി, നിങ്ങളുടെ സ്വന്തം മനസ് ഉപയോഗിച്ച് തീരുമാനമെടുക്കണമെന്നും ‘നിങ്ങള്‍’ തന്നെയായിരിക്കട്ടെ നിങ്ങളുടെ ഒരേയൊരു ‘ഇന്‍ഫ്‌ലുവന്‍സര്‍’ എന്നും പേളി കുറിപ്പില്‍ പറഞ്ഞു.

‘ഞാന്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും, ഓരോ ഉദ്യോഗസ്ഥന്റെയും, ഓരോ പൗരന്റെയും സുരക്ഷിതത്വത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ജ്ഞാനം നമ്മെ വഴിനടത്തട്ടെ, അനുകമ്പ നമ്മെ ഒന്നിപ്പിക്കട്ടെ, ഒപ്പം ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം, തുല്യ അവസരം, സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം എന്നിവ ലഭിക്കുന്ന ഒരു ഭാവി പടുത്തുയര്‍ത്താന്‍ നമുക്ക് സാധിക്കട്ടെ.

വിവരമുള്ളവരും, അനുകമ്പയുള്ളവരും, വിധി എഴുതുന്നതിന് മുന്‍പ് കേള്‍ക്കാന്‍ തയ്യാറുള്ളവരുമായ ആളുകളാലാണ് ശക്തമായ ഒരു രാഷ്ട്രം നിര്‍മ്മിക്കപ്പെടുന്നത്. അങ്ങനെയൊരു ഇന്ത്യയ്ക്കായി മാത്രമാണ് താന്‍ എപ്പോഴും പ്രത്യാശിക്കുന്നത് എന്നും പറഞ്ഞായിരുന്നു പേളി കുറിപ്പ് അവസാനിപ്പിച്ചത്.

എന്നാല്‍ പേളിയുടെ ഈ ‘നയതന്ത്ര’ രീതിയിലുള്ള പോസ്റ്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇത്രയേറെ ഗുരുതരമായ ഒരു വിഷയത്തില്‍, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ധൈര്യസമേതം, ശക്തമായി കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ ഒരു വാക്കുകൊണ്ട് പോലും പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന പേളിയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടു.

ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വാക്കുകൊണ്ട് പോലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തയ്യാറാകാതെ നിങ്ങളൊക്കെ ആരെയാണ് സുഖിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന തരത്തില്‍ നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെ വന്നിരുന്നു.

ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ സ്റ്റോറിയുമായി പേളി എത്തി. തന്റെ പോസ്റ്റിന് ഒരു ‘ട്രിഗര്‍ വാര്‍ണിങ്’ (മുന്നറിയിപ്പ്) നല്‍കേണ്ടതായിരുന്നു എന്ന് തോന്നുന്നെന്നും അത് ഒരുപാട് ആളുകളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നുമായിരുന്നു പ്രസ്തുത സ്റ്റോറിയില്‍ പേളി കുറിച്ചത്.

സമാധാനവും സുരക്ഷിതത്വവും അഹിംസയും ആഗ്രഹിക്കുന്ന ആളാണെന്ന് പറഞ്ഞിട്ടുപോലും അത് ഒരുപാട് പേരെ പ്രകോപിപ്പിച്ചെന്നും ആരാണ് ഈ ആളുകള്‍ എന്ന് തനിക്ക് അത്ഭുതം തോന്നുന്നെന്നുമാണ് പേളി പറഞ്ഞത്.

‘എന്റെ 2 കുട്ടികള്‍ ഇപ്പോള്‍ സുരക്ഷിതരാണോ എന്ന് ചിലര്‍ പരിഹാസത്തോടെ ചോദിക്കുന്നുണ്ട്. അവര്‍ പെണ്‍കുട്ടികളാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു… ശരി, അവര്‍ പെണ്‍കുട്ടികളാണെന്ന് എനിക്കറിയാം.. അതിനെന്താ? എന്റെ പ്രസ്താവന തിരുത്താന്‍ എന്നെ ഭീഷണിപ്പെടുത്തുകയാണോ? അതിന് നിങ്ങള്‍ ആദ്യം അവരുടെ അമ്മയെ തൊടേണ്ടി വരും. നിങ്ങള്‍ കളിക്കുന്നത് തെറ്റായ ആളോടാണ്.

നിങ്ങള്‍ എനിക്ക് അഭിപ്രായസ്വാതന്ത്ര്യം തരേണ്ടതില്ല. അത് എനിക്ക് നേരത്തെയുണ്ട്, ഞാന്‍ അത് ഉപയോഗിക്കുകയും ചെയ്യും! നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ ഒരു പാവയല്ല ഞാന്‍.

ഞാന്‍ പേളി മാണി ആണ്. അതെ! എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്! നമ്മുടെ ഇന്ത്യന്‍ പതാകയിലാണ് എനിക്കത് ഏറ്റവും കൂടുതല്‍ ഇഷ്ടം,’ എന്നാണ് പേളി സ്റ്റോറിയില്‍ എഴുതിയിരിക്കുന്നത്.

എന്നാല്‍ ഈ സ്‌റ്റോറി വലിയ ചര്‍ച്ചയായതോടെ അവര്‍ പിന്‍വലിച്ചിട്ടുണ്ട്. ഓരോരുത്തരുടേയും തനിനിറം പുറത്തുവരികയാണെന്നും നട്ടെല്ല് നിവര്‍ത്തി ചങ്കൂറ്റത്തോടെ നിലപാട് പറയാന്‍ കഴിയാത്ത ഇവരെയൊക്കെ പിന്തുണച്ചവര്‍ക്ക് തെറ്റിയെന്നുമുള്ള തരത്തില്‍ നിരവധി കമന്റുകള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.

Content Highlight: Yes, my favourite colour is saffron! I think I love it the most on our Indian flag Pearle Maaney

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more