| Thursday, 7th March 2024, 9:00 am

ട്രെയിന്‍ റ്റു ബൂസാന് പിന്നാലെ മനുഷ്യരെ കീഴടക്കാന്‍ പാരാസൈറ്റുകളെത്തുന്നു; ത്രില്ലിങ് ടീസറുമായി നെറ്റ്ഫ്ളിക്സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്താകമാനം ഏറെ ആരാധകരുള്ള ഒരു കൊറിയന്‍ ചിത്രമാണ് ‘ട്രെയിന്‍ റ്റു ബൂസാന്‍’. മലയാളികളില്‍ പോലും ഏറെ ആരാധകരുള്ള ഈ സിനിമ ഒരു ആക്ഷന്‍ ഹൊറര്‍ ഴോണറില്‍ വരുന്ന ചിത്രമാണ്.

സോംബികളുടെ കഥ പറഞ്ഞ ട്രെയിന്‍ റ്റു ബൂസാനിലൂടെ ഏറെ ശ്രദ്ധനേടിയ സംവിധായകനാണ് യോണ്‍ സാങ്-ഹോ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സീരീസിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവന്നു.

നെറ്റ്ഫ്ളിക്സാണ് ‘പാരസൈറ്റ്: ദി ഗ്രേ’ എന്ന സീരീസിന്റെ ടീസര്‍ പുറത്തുവിട്ടത്. ഹിറ്റോഷി ഇവാക്കിയുടെ മാംഗ സീരീസായ പാരസൈറ്റിന്റെ അഡാപ്റ്റേഷനാണ് ഇത്. ഭുമിയിലേക്ക് വരുന്ന പാരസൈറ്റിനെ കാണിച്ചുകൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്.


2022 ഓഗസ്റ്റിലായിരുന്നു നെറ്റ്ഫ്ളിക്സ് ഈ കൊറിയന്‍ സീരീസ് പ്രഖ്യാപിച്ചിരുന്നത്. മാര്‍ച്ച് ഒന്നിനായിരുന്നു സീരീസിന്റെ ആദ്യ പോസ്റ്റര്‍ വന്നിരുന്നത്. പിന്നാലെയാണ് ഇന്ന് ഏറെ ത്രില്ലിങ്ങായ ഈ ടീസറെത്തിയത്. 2024 ഏപ്രില്‍ അഞ്ചിനാണ് ‘പാരസൈറ്റ്: ദി ഗ്രേ’ നെറ്റ്ഫ്ളിക്സില്‍ പ്രീമിയര്‍ ചെയ്യുക.

ക്ലൈമാക്‌സ് സ്റ്റുഡിയോയും വൗ പോയിന്റും ചേര്‍ന്നാണ് ഈ സീരീസ് നിര്‍മിക്കുന്നത്. ഹിറ്റോഷി ഇവാക്കിയുടെ പാരസൈറ്റില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ജിയോങ് സു-ഇന്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ‘പാരസൈറ്റ്: ദി ഗ്രേ’ പറയുന്നത്.

സോള്‍മേറ്റ് എന്ന കൊറിയന്‍ സിനിമയിലൂടെ ആരാധകരെ സൃഷ്ടിച്ച ജിയോണ്‍ സോ-നീ ആണ് പ്രധാനവേഷത്തിലെത്തുന്നത്. നെറ്റ്ഫ്ളിക്സ് വെബ് സീരീസായ ഡി.പിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കൂ ക്യോ-ഹ്വാനും ഈ സീരീസിന്റെ ഭാഗമാകുന്നുണ്ട്.

ഹിറ്റോഷി ഇവാക്കി എഴുതി 1989ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ മാംഗ സീരീസാണ് പാരസൈറ്റ്. ഏറെ ആരാധകരുള്ള ഈ മാംഗ സീരീസിന്റെ 25 മില്യണിലധികം കോപ്പികളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

ഒരു രാത്രി പാരസൈറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുന്നതാണ് സീരീസിന്റെ കഥ. അവ ആളുകളുടെ ചെവികളിലൂടെയോ മൂക്കിലൂടെയോ പ്രവേശിച്ച് മനുഷ്യരെ കീഴ്പ്പെടുത്തുന്നതായാണ് സീരീസ് പറയുന്നത്.

ജപ്പാനിലെ ഹിരോഷിമയിലെ ഫുകുയാമയില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം താമസിക്കുന്ന ഷിനിച്ചി ഇസുമി എന്ന 17 വയസുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെയും ഈ പാരസൈറ്റ് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു.

പാരസൈറ്റ് ഉറങ്ങി കിടക്കുന്ന ഷിനിച്ചിയുടെ മൂക്കിലേക്ക് കയറാന്‍ ശ്രമിക്കുമെങ്കിലും അവന്‍ ഉണരുകയും പാരസൈറ്റിന്റെ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ അത് കൈയില്‍ തുളച്ച് അവന്റെ ശരീരത്തില്‍ പ്രവേശിക്കുകയാണ്.

Content Highlight:  Yeon Sang-Ho’s Parasyte: The Grey Teaser Out Now

Latest Stories

We use cookies to give you the best possible experience. Learn more