| Monday, 5th October 2026, 7:53 am

ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സൈനികനടപടികളുമായി യെമന്‍ സര്‍ക്കാര്‍

ദേവിക ജയചന്ദ്രന്‍

സന: ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ കൈവശമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായുള്ള സൈനിക നടപടികള്‍ ആരംഭിച്ചതായി യെമന്‍. സൗദി അറേബ്യയുടെ പിന്തുണയുള്ള അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച യെമന്‍ സര്‍ക്കാരിന്റെ പ്രസിഡന്റ് ഷാദ് അല്‍-അലിമി ഒരു ടെലിവിഷന്‍ പ്രസംഗത്തിലാണ് ഇത് പറഞ്ഞത്.

ഭീകരസേനയുടെ പിടിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നത് വരെ സായുധസേന ആക്രമണം തുടരുമെന്ന് റഷാദ് അല്‍-അലിമി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഹൂത്തികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മില്‍ നടന്ന തുടര്‍ച്ചയായ ആക്രമണങ്ങളെത്തുടര്‍ന്നാണിത്.്

ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ സൈറ്റുകള്‍ ആക്രമിച്ചിരുന്നു. ഇത് 12 മണിക്കൂറിനുള്ളില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ 50 ആക്രമണങ്ങള്‍ക്കുള്ള മറുപടിയായാണെന്ന് അവര്‍ പറഞ്ഞിരുന്നു.

‘ഇന്ന്, റിപബ്ലികിന്റെ ശേഷിക്കുന്ന പ്രദേശം തിരിച്ച് പിടിക്കുന്നതിനും സര്‍ക്കാരിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും അധികാരം മുഴുവന്‍ പ്രദേശത്തും വ്യാപിപ്പിക്കുന്നതിനുമുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു’, റഷാദ് അല്‍-അലിമി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തിന്റെ തലസ്ഥാനമായ സന ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇവിടെ സര്‍ക്കാര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൂത്തികളുടെ ശക്തികേന്ദ്രമായ സഅദാ മേഖലയിലേക്കും ആക്രമണങ്ങള്‍ വ്യപിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഹൂത്തികള്‍ തുടര്‍ന്നും മുന്നേറ്റം തുടരുന്നതായാണ് സുരക്ഷാവൃത്തങ്ങള്‍ പറയുന്നത്.

യെമനിലെ പോരാട്ടത്തിന്റെ പ്രധാന കേന്ദ്രം യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തായിസ് നഗരമാണ്. തായിസിനെ സര്‍ക്കാരിന്റെ ഇടക്കാല തലസ്ഥാനമായ ഏദനുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത ഹൂത്തികള്‍ തകര്‍ത്തതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തായിസിനെ ഏദനില്‍ നിന്നും ഒറ്റപ്പെടുത്തുക എന്ന സൈനിക ലക്ഷ്യം ഹൂത്തികള്‍ നേടിയെടുത്തെന്നും എന്നാല്‍ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം നേടിയെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Yemeni government launches offensive to seize all areas from Iran-backed Houthis.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more