| Friday, 31st July 2026, 6:41 pm

ചെങ്കടലില്‍ ചൈനയൊഴികെയുള്ള കപ്പലുകള്‍ക്ക് ടോള്‍; ട്രംപിന് മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ ഹൂതികള്‍

ആദർശ് എം.കെ.

സനാ: സൗദി അറേബ്യയ്ക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ, ചെങ്കടലിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താന്‍ യെമനിലെ ഹൂതികള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ആഗോള ഊര്‍ജ്ജ ഗതാഗതത്തെയും വിതരണ ശൃംഖലയെയും അടിമുടി ഉലച്ചേക്കാവുന്ന ഒരു ഘട്ടത്തിലേക്കാണ് ഈ തീരുമാനം വിരല്‍ ചൂണ്ടുന്നത്.

അമേരിക്കയും ഇറാനും തമ്മില്‍ പുകയുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, ചെങ്കടലിനെയും ഏദന്‍ ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന നാവിക പാതയായ ബാബ് എല്‍-മന്ദബ് കടലിടുക്കിന്റെ സുരക്ഷയെ ഇത് കൂടുതല്‍ ഗുരുതരമായ ഭീഷണിയിലാക്കുന്നു.

ചെങ്കടലിനെയും ഏദന്‍ ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് എല്‍-മന്ദബ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാനാണ് ഹൂതികളുടെ പദ്ധതി.

മുന്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇറാനിലെത്തിയപ്പോഴാണ് ഹൂതി പ്രതിനിധികള്‍ ഈ വിഷയം ചര്‍ച്ച ചെയ്തത്.

ഈ ടോള്‍ സംവിധാനം നിയന്ത്രിക്കുന്നതിന് ഒരു അതോറിറ്റി രൂപീകരിക്കുന്നതിനായി ഇറാനിയന്‍ ഉപദേഷ്ടാക്കള്‍ ഹൂതികളെ സഹായിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അന്താരാഷ്ട്ര സമുദ്രപാതകളിലൂടെയുള്ള യാത്രയ്ക്ക് പണം ഈടാക്കുന്ന രീതി നടപ്പിലാക്കാനും, ട്രംപ് ഭരണകൂടത്തിനും അവരുടെ പ്രാദേശിക സഖ്യകക്ഷികള്‍ക്കും മേല്‍ ഭൗമരാഷ്ട്രീയ സമ്മര്‍ദം വര്‍ധിപ്പിക്കാനുമാണ് യെമന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൂത്തികള്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹൂതികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൈനീസ് കപ്പലുകളെ ഈ ഫീസില്‍ നിന്ന് ഒഴിവാക്കിയേക്കും.

ഈ നീക്കം ആഗോള വ്യാപാര വിതരണ ശൃംഖലയെ സാരമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് ഷിപ്പിങ് മുന്നറിയിപ്പ് നല്‍കി.

നിലവില്‍ ഹോര്‍മുസ് കടലിടുക്കിന് പകരമായി സൗദി അറേബ്യ ഉപയോഗിക്കുന്ന പ്രധാന പാതയാണിതെന്നിരിക്കെ, ബാബ് എല്‍-മന്ദബ് വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് എണ്ണ വിതരണത്തെയും രൂക്ഷമായി ബാധിച്ചേക്കാം.

വര്‍ധിച്ചുവരുന്ന സുരക്ഷാ ഭീഷണിയും അസ്ഥിരതയും കണക്കിലെടുത്ത്, കടലിലെ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളെ ഒഴിവാക്കാനായി അയല്‍രാജ്യങ്ങള്‍ പുതിയ പൈപ്പ്ലൈനുകള്‍ നിര്‍മിക്കുന്നതിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്.

ഗള്‍ഫ്-യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കാന്‍ സാധ്യതയുണ്ടെങ്കിലും, അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യസേനകള്‍ക്ക് ഈ പ്രധാന നാവികപാതയില്‍ കപ്പലുകള്‍ക്ക് പൂര്‍ണ സുരക്ഷ നല്‍കുന്നതില്‍ നിലവില്‍ പരിമിതികളുണ്ടെന്ന് നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

2024ല്‍ സുരക്ഷിതമായ യാത്രയ്ക്കായി ചില ഷിപ്പിങ് ഏജന്‍സികളില്‍ നിന്ന് ഹൂതികള്‍ പണം ഈടാക്കിയതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. അന്ന് ഏകദേശം 180 ദശലക്ഷം ഡോളര്‍ വരെ ഇത്തരത്തില്‍ ഹൂതികള്‍ക്ക് ലഭിച്ചിട്ടുണ്ടാകാം എന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Content highlight: Yemen’s Houthis to impose tolls on commercial ships passing through the Red Sea.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more