| Saturday, 28th March 2026, 3:45 pm

ഇസ്രഈലിന് നേരെ ഹൂത്തികളുടെ ആക്രമണം; ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സൈനിക നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന: മേഖലയില്‍ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കവെ, അമേരിക്കയ്ക്കും ഇസ്രഈലിനുമെതിരായ ഇറാന്റെ പോരാട്ടത്തില്‍ ഔദ്യോഗികമായി പങ്കുചേരുന്നതായി പ്രഖ്യാപിച്ച് യെമന്‍ സായുധ സേന.

ശനിയാഴ്ച പുലര്‍ച്ചെ തെക്കന്‍ ഫലസ്തീനിലെ ഇസ്രഈല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനെതിരെ യു.എസും ഇസ്രഈലും യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹൂത്തികള്‍ നേരിട്ട് ഇസ്രഈലിനെതിരെ ആക്രമണം നടത്തുന്നത്.

ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിനും ലെബനന്‍, ഇറാഖ്, ഫലസ്തീന്‍ എന്നിവിടങ്ങളിലെ റെസിസ്റ്റന്‍സ് ഫ്രണ്ടിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തങ്ങള്‍ യുദ്ധത്തില്‍ ചേരുകയാണെന്ന് യെമന്‍ സായുധ സേന വക്താവ് യഹ്യ സാരി അറിയിച്ചു.

‘മുസ്‌ലീം സഹോദരങ്ങള്‍ക്കെതിരെ അമേരിക്കയും ഇസ്രഈലും നടത്തുന്ന കൂട്ടക്കൊലകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനുമുള്ള തിരിച്ചടിയാണിത്. ഗസയിലും ഇറാനിലും മറ്റ് സഖ്യകക്ഷികളുടെയും മേലുള്ള സമ്മര്‍ദം പൂര്‍ണ്ണമായും അവസാനിക്കുന്നതു വരെ യെമന്റെ സൈനിക നടപടികള്‍ തുടരും,’ – യഹ്യ സാരി വ്യക്തമാക്കി.

ശനിയാഴ്ച നടന്ന മിസൈല്‍ ആക്രമണം ലക്ഷ്യം കണ്ടതായും ഇറാനും ഹിസ്ബുള്ളയും നടത്തുന്ന വീരോചിതമായ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ നീക്കമെന്നും സൈന്യം അവകാശപ്പെട്ടു. എന്നാല്‍ യെമനില്‍ നിന്നുള്ള മിസൈല്‍ തങ്ങള്‍ തടഞ്ഞതായി ഇസ്രഈല്‍ അവകാശപ്പെട്ടു.

ഇറാനെതിരെയോ മറ്റ് മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരെയോ ഉള്ള ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ചെങ്കടല്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കി.

ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ പാതകള്‍ തടസ്സപ്പെടുത്താനുള്ള ഹൂത്തികളുടെ ശേഷി കണക്കിലെടുക്കുമ്പോള്‍, ഈ പ്രഖ്യാപനം ആഗോള വിപണിയെയും പ്രതിരോധ മേഖലയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അമേരിക്ക പുതിയ സഖ്യങ്ങള്‍ രൂപീകരിക്കുകയോ ആക്രമണം ശക്തമാക്കുകയോ ചെയ്താല്‍ ‘നേരിട്ടുള്ള സൈനിക ഇടപെടലിനായി ഞങ്ങളുടെ വിരലുകള്‍ തയ്യാറാണ്’ എന്ന് നേരത്തെ തന്നെ യഹ്യ സാരി പറഞ്ഞിരുന്നു.

ഇറാന്‍, ഫലസ്തീന്‍, ലെബനന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കെതിരായ യു.എസ്, ഇസ്രഈല്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തലാക്കണമെന്നും ഗസ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കണമെന്നും സാരി ആവശ്യപ്പെട്ടു.

2025 ഒക്ടോബറില്‍ ഇസ്രഈലും ഹമാസും തമ്മില്‍ യു.എസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഹൂത്തികള്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇവര്‍ വീണ്ടും സജീവമായത് മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ഇറാനില്‍ അമേരിക്കയും ഇസ്രഈലും ഏകപക്ഷീയമായി നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്നാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷം പടര്‍ന്നത്. ലെബനനിലെയും ഇറാഖിലെയും ഇറാന്റെ സഖ്യകക്ഷികള്‍ ഇതിനകം തന്നെ യുദ്ധത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

അതേസമയം, ആഴ്ചകള്‍ക്കുള്ളില്‍ ഇറാനില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. കരസേനയെ ഉപയോഗിക്കാതെ തന്നെ ഇറാനില്‍ അമേരിക്കയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

Content Highlight: Yemen’s Houthis strike at Israel as attacks on Iran continue

Latest Stories

We use cookies to give you the best possible experience. Learn more