ന്യൂദല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള യെമന്‍ ലെറ്റര്‍ ഹെന്‍ഡിലെങ്ങനെ ‘ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ’ വന്നുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീം കോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍.
കാന്തപുരം ഉസ്താദിന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വിധിപ്പകര്‍പ്പിന്റെ ആധികാരികതയിലാണ് ചിലര്‍ക്ക് സംശയമെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുഭാഷ് ചന്ദ്രന്റെ പ്രതികരണം.
‘കാന്തപുരം ഇടപെട്ടിട്ടില്ലെന്ന് അവസാന നിമിഷം വരെയും ഒരുകൂട്ടര്‍ പറയുന്ന നേരത്ത് ആ നീട്ടിവെച്ചതിന്റെ വിധിപ്പകര്‍പ്പിതാ കയ്യില്‍ കിട്ടിയിരിക്കുന്നു. അത് ഉസ്താദ് മുഖേന തന്നെ സാധ്യമായതാണെന്ന് പറയാന്‍ അതില്‍ ‘ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യയുടെ’ വാട്ടര്‍മാര്‍ക്ക് നല്‍കേണ്ടതുണ്ടായിരുന്നു. അല്ലെങ്കില്‍ ഉസ്താദിന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടാലും മറ്റുള്ളവര്‍ അതെടുത്ത് തങ്ങള്‍ക്കും കിട്ടിയല്ലോ എന്നുപറഞ്ഞ് രംഗത്തുവരുമായിരുന്നു,’ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
ഒരു വാര്‍ത്ത/ദൃശ്യം തങ്ങള്‍ മുഖേനയാണ് ആദ്യം പുറത്തുവന്നത് എന്നുപറയാന്‍ ചാനലുകള്‍ വാട്ടര്‍മാര്‍ക്ക് നല്‍കാറില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കൂടാതെ മലയാള മാധ്യമങ്ങള്‍ക്ക് അറബി തീയതി വായിക്കാന്‍ അറിയില്ലെന്നും അക്കാരണത്താലാണ് ഇന്നല (തിങ്കള്‍)ത്തെ ഡേറ്റുള്ള ഉത്തരവ് നല്‍കിയതെന്നും കാന്തപുരം പറ്റിച്ചതെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയായി അഭിഭാഷകന്‍ പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഉസ്താദ് ഇടപെട്ടിട്ടുണ്ടെന്ന് പലഘട്ടത്തില്‍ പുറത്തുവന്ന കാര്യമാണല്ലോ. ശുഭ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മുതല്‍ വാക്കാല്‍ ഉസ്താദിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അപ്പോഴൊന്നും ഇക്കാര്യത്തില്‍ ഒഫീഷ്യലായി ഉസ്താദിന്റെ ഓഫീസ് പ്രതികതിരിച്ചിട്ടില്ല. രേഖാമൂലമുള്ള വിവരം കിട്ടിയിട്ടുമതി എന്നായിരുന്നു ഉസ്താദിന്റെ ഓഫീസിന്റെ നിലപാടെന്നും സുഭാഷ് ചന്ദ്രന്‍ കുറിച്ചു.
ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ നിരന്തരമായി അറിയിച്ചതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച രാത്രി വൈകിയും ചര്‍ച്ചകള്‍ നടന്നിരുന്നെന്നും ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിന്‍ അമീന്‍ ചര്‍ച്ചയില്‍ ഇടപെടുകയും ശിക്ഷാ നടപടികള്‍ നീട്ടിവെക്കാനുള്ള ധാരണ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുകയും ഉടനെ തന്നെ കോടതിയെ സമീപിച്ച കാര്യവും അറിഞ്ഞിരുന്നു. രാത്രി വൈകിയുണ്ടായ വിധിയുടെ ഉത്തരവ് രേഖയാവാന്‍ എടുത്ത താമസമോ കയ്യില്‍ ലഭിക്കാന്‍ വൈകിയതോ ഒക്കെ ഈ വിഷയത്തില്‍ ഒരു കാരണമായേക്കാമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ സമീപിച്ച മാധ്യമങ്ങള്‍ക്ക്, രേഖ കയ്യില്‍ ലഭിച്ചാല്‍ പ്രതികരിക്കുമെന്ന് തന്നെയായിരുന്നു കാന്തപുരം നല്‍കിയ ഉത്തരമെന്നും അഭിഭാഷകന്‍ കുറിച്ചു.
ഇത്രയും കാലം നയതന്ത്രപരമായോ നിയമപരമായോ വലിയ ഇടപെടലുകള്‍ക്ക് നടത്താന്‍ പരിമിതികളുള്ള ഒരു കാര്യത്തില്‍ കുടുംബവുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള നിര്‍ണായക ഇടപെടല്‍ ഉസ്താദ് നടത്തുമ്പോള്‍ അതില്‍ സംശയം ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ‘ഇത് മനുഷ്യര്‍ക്ക് വേണ്ടിയുള്ള ഇടപെടലാണ്’ അഭിഭാഷകന്‍ പ്രതികരിച്ചു.
Content Highlight: How the Grand Mufti of India came to Yemen Letterhead; Lawyer responds to controversies