പൊലീസ് ചിത്രങ്ങളില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്കെന്നും ഒരു പ്രത്യേക താത്പര്യമുള്ള ചിത്രമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു. മലയാളത്തില്‍ അതുവരെ പുറത്തിറങ്ങിയ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന വിധത്തിലായിരുന്നു സംവിധായകന്‍ ചിത്രം ഒരുക്കിയത്. ഒരൊറ്റ വിഷയത്തെയോ കേസിനെയോ മാത്രം അടിസ്ഥാനമാക്കി കഥ പറയാതെ ഒരു പൊലീസ് സ്റ്റേഷനിലെ ദൈന്യംദിന കാര്യങ്ങളിലൂടെ പ്രേക്ഷകനെ കൊണ്ടുപോകുന്ന വിധത്തിലായിരുന്നു ചിത്രം ഒരുക്കിയത്.
നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, ജൂഡ് ആന്തണി ജോസഫ്, അനു ഇമ്മാനുവല്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം എത്രത്തോളം യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്നതാണ് എന്നതിനെ കുറിച്ച് എറണാകുളം റേഞ്ച് ഡി.ഐ.ജിയായ യതീഷ് ചന്ദ്ര ഐ.പി.എസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ആക്ഷന്‍ ഹീറോ ബിജു. Photo: Jio Hotstar
രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ചിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. പല ചിത്രങ്ങളും പൊലീസിലെ റാങ്കിങ് സിസ്റ്റവുമായി ഒരു തരത്തിലുള്ള ബന്ധമില്ലാത്തതാണെന്നും അത്തരത്തിലുള്ള ചിത്രങ്ങള്‍ തുടര്‍ന്ന് കാണാന്‍ തനിക്ക് പ്രയാസമാണെന്നും യതീഷ് ചന്ദ്ര അഭിമുഖത്തില്‍ പറഞ്ഞു.
‘സിനിമകളില്‍ പൊലീസിനെ കുറിച്ച് പറയുന്ന ഭാഗങ്ങളില്‍ ലോജിക് മിസ്സിങ് ആണെന്ന് എനിക്ക് തോന്നാറുണ്ട്. ഫസ്റ്റ് ഓഫ് ഓള്‍ സിനിമയെടുക്കുമ്പോള്‍ പൊലീസിലെ റാങ്കുകള്‍ പഠിക്കണം. ഇവന്മാര്‍ റാങ്കുകള്‍ പഠിക്കാതെ തന്നെ ഏതോ ആളുകള്‍ക്ക് ഏതോ ജോലി കൊടുത്ത് എന്തോ ചെയ്യാന്‍ പോകുകയാണ്. ആര് ആരെയാണ് സല്യൂട്ട് ചെയ്യേണ്ടതെന്ന് അവര്‍ക്ക് ഒരു വിവരവുമില്ല. സല്യൂട്ട് അടിക്കുന്ന രീതിയെല്ലാം ചില ആക്ടറുകളുടെ സ്റ്റൈല്‍ അനുസരിച്ച് മാറിയേക്കാം.
രണ്ടാമത്തെ കാര്യമെന്ന് വെച്ചാല്‍ ചില ചിത്രങ്ങളില്‍ പൊലീസ് തന്നെ മിസ്സിങ് ആയിരിക്കും. ഒരു കൊലപാതകം നടന്നാല്‍ അത് തുടര്‍ന്ന് കൊണ്ടേയിരിക്കും. ചില സിനിമകളില്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും പൊലീസ് പിടിച്ച് കൊണ്ടുപോകും. ഇതെല്ലാം കണ്ട് ഞാന്‍ ചിരിയോട് ചിരിയായിരിക്കും. സീരിയസ് സീനുകള്‍ പോലും കോമഡിയായിപോകും. പലപ്പോഴും ഒ.ടി.ടിയിലാണ് കാണാറുള്ളത്.
ആക്ഷന്‍ ഹീറോ ബിജു. Photo: IMDB
ഏതെങ്കിലും ഒരു ചിത്രത്തില്‍ പൊലീസിന്റെ റാങ്ക് തെറ്റായി കൊടുത്താല്‍ പിന്നെ ആ ചിത്രം ഞാന്‍ തുടര്‍ന്ന് കാണില്ല. ഏത് ചിത്രമാണെന്ന് ഞാന്‍ പേര് പറയുന്നില്ല. കണ്ടതില്‍ വെച്ച് റിയാലിറ്റിയോട് അടുത്ത് നില്‍ക്കുന്നതായി തോന്നിയത് ആക്ഷന്‍ ഹീറോ ബിജുവാണ്. നല്ലതുപോലെ അതില്‍ വര്‍ക്ക് ചെയ്ത് എസ്.ഐ, എസ്.എച്ച്.ഒ കണക്ഷനെല്ലാം നന്നായി ചിത്രത്തില്‍ വന്നിട്ടുണ്ട്. സിനിമയ്ക്കാവശ്യമായ ചില മസാലയും കാര്യങ്ങളുമെല്ലാം ചേര്‍ത്തിട്ടുണ്ടാകും. എന്നാലും നല്ല രീതിയില്‍ വന്നിട്ടുണ്ട്.’ യതീഷ് ചന്ദ്ര പറഞ്ഞു.
Content Highlight: Yathish Chandra IPS talks about Action Hero Biju Movie and Police roles in Malayalam cinema